ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന്. ഇതിനായി ജനുവരി 29 മുതല്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങും. ഫെബ്രുവരി 15 വരെയാകും ആദ്യഘട്ട സമ്മേളനം.
മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാകും രണ്ടാംഘട്ട സമ്മേളനം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുത്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബജറ്റ് സമ്മേളനത്തിനു മുന്‍പ് കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുസഭകളിലും വലിയ തോതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിനാവും കളമൊരുക്കുക.
കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സര്‍ക്കാര്‍ വേണ്ടെന്നുവച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നടത്തിയ വര്‍ഷകാല സമ്മേളനത്തില്‍ ഇരുസഭകളുടെയും സമ്മേളന സമയം നാല് മണിക്കൂര്‍ മാത്രമാക്കി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ നിയന്ത്രണങ്ങള്‍ ബജറ്റ് സമ്മേളനത്തിലും ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
