ഇന്റർനെറ്റിലൂടെ പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴി പലരും പല തരം സഹായങ്ങൾ വാഗ്ദാനങ്ങൾ ചെയ്യുന്നത് നാം കാണാറുണ്ട്. വീഡിയോകളിലൂടെയും മറ്റും തങ്ങളുടെ പ്രശ്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും അതുവഴി സഹായങ്ങൾ നേടുകയും ചെയ്തവർ നിരവധിയാണ്. ഇന്നത്തെ കാലത്ത് സഹായം നേടാനും മറ്റുള്ളവരിലേക്ക് നമ്മുടെ പ്രശ്നങ്ങൾ എത്തിച്ചു കൊടുക്കാനും ഉള്ള എളുപ്പ വഴിയാണ് സോഷ്യൽ മീഡിയ എന്നുതന്നെ പറയാം.
പല തരത്തിലുള്ള ചെറുകിട വ്യവസായങ്ങൾക്കും മറ്റും സോഷ്യൽ മീഡിയ വഴി സഹായം ലഭിച്ചത് നമുക്ക് സുപരിചിതമായ കാര്യം തന്നെയാണ്. ബാബ കാ ദാബയെ തുടർന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ചെറുകിട ഭക്ഷണ ശാലകൾ വൈറലാകുന്നുണ്ട്. ഈ മഹാമാരിയുടെ കാലത്ത് നിരവധി ചെറുകിട വ്യവസായികൾ അവരുടെ ജീവിതം മുന്നോട്ട് നയിക്കാൻ കഷ്ടപ്പെടുകയാണ്. ഇങ്ങനെയുള്ളവരെ സഹായിക്കാനും സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം വ്യക്തികൾ ഉണ്ടെന്നു തന്നെ പറയാം.
അടുത്തിടെ നടന്നൊരു സംഭവം ഇതിന് ഏറ്റവും വലിയൊരു ഉദാഹരണമാണ്. ഒരു ട്വിറ്റർ യൂസർ കഴിഞ്ഞ ദിവസം ‘ലിറ്റി-ചോഖ’ വിൽപ്പനകാരന്റെ കഥയും അയാൾ അനുഭവിക്കുന്ന ദുരിതങ്ങളും ഫോട്ടോ ഉൾപ്പെടെ ട്വിറ്ററിൽ പങ്കിട്ടു. ഒപ്പം, സൊമാറ്റോയിലും മറ്റ് ഭക്ഷണ വിതരണ ആപ്പുകളിലും ഈ കട ലിസ്റ്റു ചെയ്യാൻ അദ്ദേഹം മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
പ്രിയാൻഷു ദ്വിബേദി എന്ന ട്വിറ്റർ യൂസർ വാർബോസ ബീച്ചിനടുത്ത് ലിറ്റി-ചോഖ വിൽക്കുന്ന യോഗേഷിനെ മൈക്രോ ബ്ലോഗിങ്ങിലൂടെ എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്തു. സൊമാറ്റോയിൽ തന്റെ ഭക്ഷണം വിൽക്കാൻ യോഗേഷ് ശ്രമിക്കുന്നുണ്ട്, എന്നാൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതിനാൽ അതിന് അയാൾക്ക് കഴിയുന്നില്ല. അദ്ദേഹം ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും പ്രിയാൻഷു ട്വിറ്ററിൽ കുറിച്ചു.
യോഗേഷ് തന്റെ കട അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. സൊമാറ്റോയോടും ദീപിയോഗാലിനോടും അദ്ദേഹത്തെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്രയും രുചികരമായ ലിറ്റി നിങ്ങൾക്ക് മറ്റൊരിടത്തും ലഭിക്കുകയില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു’ – മറ്റൊരു പോസ്റ്റിൽ പ്രിയാൻഷു കുറിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 -ന് ഈ കട തുറക്കും.
യോഗേഷിന്റെ ദുരവസ്ഥ കണ്ട് നിരവധി പേർ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. യോഗേഷിന്റെ കട സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം ചോദിച്ചറിയാനും മറ്റു ചിലർ മറന്നില്ല. പ്രിയാൻഷുവിന്റെ പോസ്റ്റിന് ഇതിനോടകം തന്നെ അദ്ദേഹത്തെ പിന്തുണച്ച് നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ യോഗേഷിന് സഹായവുമായി സൊമാറ്റോയും രംഗത്ത് എത്തിയിട്ടുണ്ട്. യോഗേഷിന്റെ കോൺടാക്ട് നമ്പറിനായി പ്രിയാൻഷുവിനോട് സൊമാറ്റോ അഭ്യർത്ഥിച്ചിട്ടുണ്ട്. ലിസ്റ്റിംഗ് നടപടി ക്രമങ്ങൾക്കായി ഞങ്ങളുടെ ടീം എത്രയും പെട്ടെന്ന് അദ്ദേഹത്തെ സമീപിക്കുമെന്നും സൊമാറ്റോ അപ്ലോഡ് ചെയ്ത പോസ്റ്റിൽ പറയുന്നു. സൊമാറ്റോയുടെ പോസ്റ്റിനും നിരവധി അഭിനന്ദന കമന്റുകകൾ ഇതിനോടകം ലഭിച്ചുകഴിഞ്ഞു