തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട. സാക്ഷ്യപത്രം മാത്രം നല്‍കി 10 കോടി രൂപ വരെ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ സംസ്ഥാനത്തു തുടങ്ങാന്‍ നിയമം വരുന്നു. രേഖകള്‍ പൂര്‍ത്തിയാക്കല്‍ മൂന്നുവര്‍ഷത്തിനു ശേഷം മതിയാകും.

മന്ത്രിസഭ അംഗീകരിച്ച നിയമം നിര്‍മ്മിക്കുന്നതിനുള്ള ബില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ‘കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019’ എന്നതാണ് പുതിയ നിയമം. നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

1999 ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും നഗരപ്രദേശ വികസനവും ആക്ട് പ്രകാരം രൂപീകരിച്ച ജില്ലാ ബോര്‍ഡുകളാണ് വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കുക. പുതിയ ആക്ട് പ്രകാരമുള്ള നോഡല്‍ ഏജന്‍സി ജില്ലാ ബോര്‍ഡാണ്. വ്യവസായം തുടങ്ങാന്‍ നിശ്ചിത ഫോമില്‍ ജില്ലാ ബോര്‍ഡിന് സംരംഭകന്‍ ഒരു സ്വയം സാക്ഷ്യപത്രം നല്‍കണം. സാക്ഷ്യപത്രം കൈപ്പറ്റിയെന്ന ജില്ലാ ബോര്‍ഡിന്റെ രസീത് ലഭിച്ചാലുടന്‍ വ്യവസായം തുടങ്ങാം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ‘ചുവപ്പ് പട്ടിക’യില്‍ ഉള്‍പ്പെടുത്തിയ വ്യവസായങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

ആദ്യ മൂന്ന് വര്‍ഷത്തിനിടെ അനുമതികളും ലൈസന്‍സുകളും നല്‍കുന്ന അധികാര സ്ഥാനങ്ങളായ കോര്‍പറേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, നഗര വികസന അതോറിട്ടി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍, അതോറിട്ടികള്‍ എന്നിവര്‍ അതുമായി ബന്ധപ്പെട്ട് ഒരു പരിശോധനയും വ്യവസായ സ്ഥാപനത്തില്‍ നടത്തരുതെന്നും വ്യവസ്ഥയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here