മുംബൈ: ഓണ്‍ലൈന്‍ വിപണി രാജ്യത്ത് സജീവമാകുന്നു. കോവിഡിന്റെ ഭാഗമായി ലോക്ഡൗണ്‍ നടപ്പാക്കിയതോടെയാണ് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകളെ ജനങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയത്. നിലവില്‍ രണ്ടു മുതല്‍ നാലു ശതമാനമാണ് രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പന. ഈ സാഹചര്യം തൂടര്ന്നാല് നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൂന്നിരട്ടി വരെ വര്‍ധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തോടെ മൊത്തം വില്‍പ്പനയുടെ പത്തു മുതല്‍ 15 ശതമാനം വരെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
ഓണ്‍ലൈന്‍ വിപണികള്‍ താളം കണ്ടെത്തിയതോടെ വിപണനത്തിനായി സ്വന്തം വെബ് സൈറ്റുകളും മൊബൈല്‍ ആപ്പുകളും തയ്യാറാക്കുകയാണ് കമ്പനികള്‍. വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓണ്‍ലൈനിനായി പ്രത്യേക ബ്രാന്‍ഡുകള്‍ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ഗ്രൂപ്പ് പറയുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് കൂടുതല്‍ പ്രാധാന്യം വന്നതും ആളുകള്‍ വേഗത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
നേരത്തേ ഈ പരിധിയിലേക്കെത്താന്‍ അഞ്ചുവര്‍ഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് ഒരുക്കാന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ചൂണ്ടിക്കാട്ടുന്നു.