അന്തരീക്ഷ മലിനീകരണമില്ലാത്ത ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വായ്പയൊരുക്കിയിരിക്കയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. വൈദ്യുത കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയ്ക്കാണ് വായ്പ നല്‍കുന്നത്. 7 ശതമാനം പലിശയാകും ഈടാക്കുക. വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പദ്ധതിയുമായി ചേര്‍ന്നു 4 ശതമാനം പലിശയില്‍ ലോണ്‍ ലഭ്യമാക്കാനുള്ള നടപടിയുമെടുത്തിട്ടുണ്ട്.
വാഹനത്തിന്റെ ‘ഓണ്‍ ദ റോഡ്്’ വിലയുടെ 80 ശതമാനംവരെ വായ്പ ലഭിക്കും. പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്. വാഹനം തന്നെയാണ് ഈട്. മറ്റു ജാമ്യവസ്തുക്കള്‍ ഒന്നും തന്നെ ആവശ്യമില്ലെന്നതും വായ്പയുടെ ആകര്‍ഷണമാണ്. സിബില്‍ സ്കോര്‍ മാത്രമാണ് ലോണ്‍ ലഭിക്കാനുള്ള മാനദണ്ഡം.
”ഇലക്ട്രിക്ക് വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാര്ദ്രപരവുമാണ്. മാത്രമല്ല ലോകത്തിലെ പ്രമുഖ വാഹന നിര്‍മാതാക്കളുടെ അഭിപ്രായത്തില്‍ 2030ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നമ്മുടെ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കും. ഇത് കണക്കിലെടുത്താണ് കോര്പറേഷന് ഈ വായ്പയുമായി മുന്നോട്ടു വരുന്നത്” – കെ.എഫ്.സി. ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോമിന് ജെ. തച്ചങ്കരി പറഞ്ഞു.