തിരുവനന്തപുരം: ഈ പുതുവര്‍ഷത്തില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞനിരക്കിലുള്ള വായ്പകള്‍ നല്‍കുകയാണെന്ന് കെഫ്സിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന് ജെ തച്ചങ്കരി. വ്യാവസായിക സാമ്പത്തികരംഗത്തു നിരവധി ഉത്തേജന പാക്കേജുകള്‍ നല്കിയ കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്, ഈ പുതുവത്സരത്തില്‍ വന്‍ പലിശ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. 8 ശതമാനം മുതല്‍ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പകള്‍ നല്‍കുന്നത്.
വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി, അപേക്ഷകര്‍ ഇനിമുതല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല . വീഡിയോ കോണ്‍ഫറന്‍സിലൂടെ ആസ്ഥാനമന്ദിരത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി അപേക്ഷകന് വായ്പ കാര്യത്തില്‍ ഉടന്‍ തീരുമാനം ലഭിക്കുന്നതാണ്. വായ്പാ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യ വസ്തുക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത് ഇപ്പോള്‍ അവ പകുതിയായി കുറച്ചിട്ടുണ്ട്.