ഡല്‍ഹി: ഇന്ത്യയിലേക്ക് 5 ജി മൊബൈല്‍ സര്‍വ്വീസ് എത്തിക്കാന്‍ റിലയന്‍സ് ജിയോ. 2021 പകുതിയോടെ സേവനം രാജ്യത്ത് ലഭ്യമാക്കുമെന്നാണ് കമ്ബനി സി.ഇ.ഒ മുകേഷ് അംബാനി പറഞ്ഞത്. നാലാമത് മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റി അംബാനി സൂചിപ്പിച്ചത്. ഇന്ത്യ ഇപ്പോള്‍ സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന അവസരമാണെന്നും ഇത് തുടര്‍ന്നും കൊണ്ടുപോകാന്‍ 5 ജി സാങ്കേതികവിദ്യ സഹായകരമാകുമെന്നുമാണ് അംബാനിയുടെ അഭിപ്രായം. സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാകും റിലയന്‍സ് പ്രയോജനപ്പെടുത്തുക. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന ‘ആത്മ നിര്‍ഭര്‍’ പദ്ദതിയില്‍ ജിയോ 5 ജി മുതല്‍കൂട്ടാകുമെന്നും റിലയന്‍സ് സി.ഇ.ഒ വാഗ്ദാനം ചെയ്യുന്നു.

എന്നാല്‍ രാജ്യത്ത് 5 ജി സേവനം ലഭ്യമാകാന്‍ ഇനിയും രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തെ സമയം ആവശ്യമാണെന്നാണ് ഭരതി എയര്‍ട്ടല്‍ ചെയര്‍മാനും അംബാനിയുടെ എതിരാളിയുമായസുനില്‍ മിത്തല്‍ പറയുന്നു. 5 ജി സേവനത്തിനായുള്ള സ്പെക്‌ട്രം വളരെ ചെലവേറിയതാണെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നുംഎയര്‍ട്ടെല്‍ വക്താക്കള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ വേണ്ടിവരുമെന്ന് ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 5ജിയ്ക്ക് ആവശ്യമായ സാഹചര്യം വികസിച്ചു വന്നിട്ടില്ലെന്നും സ്പെക്‌ട്രം വിലകൂടിയതാണെന്നും എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഗോപാല്‍ വിറ്റലും പറഞ്ഞിരുന്നു.

5 ജി വികസിപ്പിക്കുന്നതിനും അതിവേഗ നെറ്റ്‌വര്‍ക്കിനെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും യുഎസ് ആസ്ഥാനമായുള്ള ക്വാല്‍കോം ഇന്‍‌കോര്‍പ്പറേറ്റുമായി പ്രവര്‍ത്തിക്കുകയാണെന്ന് ഒക്ടോബറില്‍ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here