ഡൽഹി: വാട്ട്സ്ആപ്പിൽ ഒരു ‘ഹായ് അയച്ചാൽ സ്വന്തം സംസ്ഥാനങ്ങളിൽ ജോലി കണ്ടെത്താൻ സഹായകരമായ ചാറ്റ് ബോട്ടുമായി സര്‍ക്കാര്‍. ശാസ്ത്ര-സാങ്കേതിക വകുപ്പാണ് നിര്‍മിത ബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന ചാറ്റ്ബോട്ടുമായി എത്തിയിരിക്കുന്നത്. ശ്രമിക് ശക്തി മഞ്ച് എന്ന പേരിൽ പ്രത്യേക ഒരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ഇത് തൊഴിലാളികളെ അവരുടെ ജന്മസ്ഥലങ്ങളിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്ക് വാട്ട്സ്ആപ്പ് വഴി ബന്ധിപ്പിക്കുന്നതാണ്.
കൊവിഡ് -19 മൂലം നിരവധി പേര്‍ക്ക് തൊഴിൽ നഷ്ടപ്പെട്ട വേളയിലാണ് ഇത്തരമൊരു പോര്‍ട്ടൽ രൂപീകരിയ്ക്കുന്നത്. ഇന്ത്യയിലുടനീളം ജോലിയില്ലാതെ കുടിയേറ്റ തൊഴിലാളികൾ വലയുന്ന സാഹചര്യത്തിൽ എവിടെയും തൊഴിൽ കണ്ടെത്താൻ പോര്‍ട്ടൽ സഹായകരമാകും. ലോക്ക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ മിക്ക കുടിയേറ്റ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകളുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പങ്കു വെയ്ക്കുന്ന മാപ്പും പോര്‍ട്ടലിൽ ലഭ്യമാകും.. ഓരോരുത്തരുടെയും കഴിവുകൾക്ക് അനുസരിച്ച് ജോലി കണ്ടെത്താൻ സഹായിക്കുന്നതാണ് പോര്‍ട്ടൽ. 7208635370 എന്ന നമ്പറിൽ സേവനങ്ങൾ ലഭ്യമാണ്.
വാട്ട്സ്ആപ്പ് ചാറ്റ്ബോട്ടിലേക്ക് ഒരു സന്ദേശം അയച്ചുകഴിഞ്ഞാൽ, അത് വ്യക്തിയെക്കുറിച്ചും അവരുടെ പ്രവൃത്തി പരിചയത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ ശേഖരിയ്ക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, AI സിസ്റ്റം ഉപയോക്താവിനെ ഏറ്റവും അടുത്തുള്ള തൊഴിൽ ദാതാവുമായി ബന്ധിപ്പിക്കും എന്നതാണ് ചാറ്റ് ബോട്ടിൻെറ പ്രത്യേകത.
നിലവിൽ, ചാറ്റ്ബോട്ട് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്, മറ്റ് ഭാഷകളിലും ഉടൻ സേവനം ലഭ്യമായേക്കും. സ്മാർട്ട്ഫോണില്ലാത്തവർക്കായി ഓഫ്ലൈൻ മോഡും നിലവിൽ ഉണ്ട്. ഇതിന് 022-67380800 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ മതിയാകും.
