2019-ല്‍ 4400 കോടി നേട്ടം; ഇക്കൊല്ലം 780 കോടി മാത്രം
കോവിഡ് പ്രതിസന്ധി സകല ബിസിനസ് മേഖലയിലും വന്‍പ്രതിസന്ധിയാണ് സംഭാവന ചെയ്തതെന്ന് നമ്മുക്കറിയാം. എന്നാല്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ച മേഖല സിനിമാ വ്യവസായമാണ്. ഇന്ത്യന്‍ സിനിമയെ ഭരിക്കുന്ന ബോളിവുഡ് ബിസിനസാണ് ‘പൊട്ടി’ത്തകര്ന്നത്. മുന്‍വര്‍ഷങ്ങളില്‍ വന്‍നേട്ടം കൊയ്ത ബോളിവുഡിന് 2020-ല്‍ അയ്യായിരം കോടിയുടെ ലാഭമാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തിയറ്ററുകള്‍ക്ക് പൂട്ടുവീണതോടെ വമ്പന്പ്രോജക്ടുകള്ക്ക് തിരിച്ചടിനേരിട്ടു. വര്‍ഷാവസാനത്തോടെ ചിത്രീകരണം തുടങ്ങിയെങ്കിലും ഭാവി എത്രത്തോളം ശുഭകരമാകുമെന്ന് പറയുകവയ്യ. ഒക്ടോബര്‍ മുതല്‍ മുംബൈയില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും പഴയപോലെ കാണികള്‍ എത്തുന്നുമില്ല. ഒടിടി പ്ലാറ്റ്ഫോമിലേക്കു കൂടുമാറിയെങ്കിലും തിയറ്റര്‍ വിജയത്തെത്തുടര്‍ന്നുള്ള പരമ്പരാഗത വിജയപാതകളാണ് സിനിമയുടെ വിപണി നിശ്ഛയിക്കുന്നത്. തിയറ്റര്‍ വിട്ടാലും സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള കോടികളുടെ വില്പനയിലൂടെയാണ് മികച്ച ലാഭത്തിലേക്കു നിര്‍മ്മാതാക്കള്‍ എത്തുന്നത്. എന്നാല്‍ ഒടിടിയിലൂടെ അത്രയേറെ ലാഭംകൈവരിക്കാന് കഴിയാത്തതാണ് നിര്‍മ്മാതാക്കളെ കുഴപ്പിക്കുന്നത്. തിയറ്ററുകളെല്ലാം തുറന്നാലും കാണികള്‍ വ്യാപകമായി എത്തിത്തുടങ്ങിയാല്‍ മാത്രമേ ഇനി പഴയമട്ടിലുള്ള ബിസിനസ് നടക്കുകയുമുള്ളൂ.
2018 -ല്‍ 3600 കോടിയുടെ നേട്ടമാണ് ബോളിവുഡ് ഉണ്ടാക്കിയതെങ്കില്‍ 2019-ല്‍ 4400 കോടിയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കൊല്ലം വെറും 780 കോടിയോളം മാത്രമാണ് ബോളിവുഡിന്റെ ബിസിനസ് നേട്ടം.