ന്യൂഡല്‍ഹി: എയര്‍ലൈന്‍ ബിസിനസില്‍ സാന്നിധ്യം ശക്തമാക്കി ടാറ്റ കമ്പനി. സ്വകാര്യവത്കരിക്കപ്പെട്ട എയര്‍ ഇന്ത്യ വാങ്ങാന്‍ ശ്രമം നടത്തുന്ന ടാറ്റ ഗ്രൂപ്പ് ഇപ്പോള്‍ എയര്‍ ഏഷ്യയില്‍ 32.7 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി. മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ ബെര്ഹാര്ഡില് നിന്ന് 34.9 മില്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് ഓഹരികള്‍ ടാറ്റ സ്വന്തമാക്കിയത്.
ടോവി ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള മലേഷ്യന്‍ കമ്പനി കോവിഡ് 19 പ്രതിസന്ധികളെത്തുടര്‍ന്ന് ഇന്ത്യന്‍ സംരംഭത്തിന് ധനസഹായം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. ഇന്ത്യ, ജപ്പാന് ബിസിനസുകള്‍ അവലോകനം ചെയ്യുകയാണെന്ന് നവംബറില്‍ എയര്‍ ഏഷ്യ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓഹരികള്‍ ടാറ്റാഗ്രൂപ്പ് സ്വന്തമാക്കിയത്. ഈ ഇടപാട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മലേഷ്യ, തായ്ലന്ഡ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ ബിസിനസ് വീണ്ടെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എയര്‍ ഏഷ്യയെ സഹായിക്കുമെന്നും എയര്‍ എഷ്യ അറിയിച്ചു.