മൂംബൈ: രാജ്യത്തെ എ.ടി.എമ്മുകളില്‍ നിന്ന് 2000 നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു. പുതിയ 2000 നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഗണ്യമായി കുറച്ചതോടെ, നോട്ടിന്റെ ലഭ്യതയും വരും ദിവസങ്ങളില്‍ വലിയതോതില്‍ തന്നെ കുറയും.
ഇന്ത്യബാങ്ക് തങ്ങളുടെ എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപ പിന്‍വലിച്ച വിവരം നേരത്തെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്ന 2000 രൂപയുമായി ബാങ്കിലേക്ക് ആളുകള്‍ എത്തുന്നതുണ്ടാക്കുന്ന തിരക്കു പരിഹരിക്കാനെന്നാണ് ബാങ്കിന്റെ വിശദീകരണം. അതേസമയം, മറ്റു ബാങ്കുകളും സമാന നടപടി പ്രഖ്യാപിക്കാതെ തന്നെ നടപ്പാക്കുകയാണ്. 2000 ത്തിനു പകരം 500, 200, 100 രൂപ നോട്ടുകളാണ് എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എ.ടി.എമ്മുകളിലും കൂടുതലായി ലഭിക്കുന്നത്.
2000 രൂപ നോട്ടുകള്‍ ക്രയവിക്രയത്തില്‍ തുടരുമ്പോഴും ലഭ്യത നന്നേ കുറച്ച്, ബാങ്കു ഇടപാടുകളില്‍ മാത്രമായി നിലനിര്‍ത്തുന്ന സമീപനമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. പുതുതായി 2000 നോട്ടിന്റെ അച്ചടിയില്‍ റിസര്‍വ് ബാങ്ക് വരുത്തിയിട്ടുള്ള കുറവും ഇതിനെ പിന്തുണയ്ക്കുന്നതാണ്.