സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ഉണര്‍വേകാനായി, ആയിരം കോടി രൂപയുടെ പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും കെഫ്സിയില് നല്കാവുന്ന വിധം നിയമങ്ങളില്‍ മാറ്റം വരുത്തിയതായി കെഫ്സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന് ജെ തച്ചങ്കരി അറിയിച്ചു. ആയിരം കോടി രൂപയുടെ വായ്പാ പദ്ധതി കൂടിയാകുമ്പോള്‍ ഈ വര്‍ഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള സംരംഭകര്‍ക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നല്കുന്ന ഇരുപതു ശതമാനം ‘അധിക വായ്പാ പദ്ധതി’ യുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയിട്ടുമുണ്ട്. മുന്‍ കാലങ്ങളില്‍ സിനിമ വ്യവസായത്തിന് നല്കിയ വായ്പകള്‍ ഭൂരിഭാഗവും കിട്ടാകടമായി മാറിയെങ്കിലും പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി സഹകരിച്ചു, വ്യവസ്ഥകളോടെ സിനിമകള്‍ക്കുള്ള വായ്പകള്‍ പുനരാരംഭിക്കുവാനും കെഫ്സി തീരുമാനിച്ചു.
പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സിബിലില്‍ കയറ്റാന്‍ തുടങ്ങിയതോടെ കോര്‍പറേഷന്റെ വായ്പ തിരിച്ചടവില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. മുമ്പുള്ള മാസങ്ങളില്‍ 60 കോടി രൂപ തിരിച്ചു കിട്ടുമായിരുന്നപ്പോള്‍ , കഴിഞ്ഞ നവംബര്‍ മാസം ഇത് 100 കോടി കവിഞ്ഞു. ഏകദേശം 18,500 പേരുടെ വിവരങ്ങള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. അതായതു 95% പേരുടെയും വിവരങ്ങള്‍ കൈമാറി. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍, വ്യക്തി വിവരങ്ങള്‍ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെഫ്സിയെന്നും ടോമിന് ജെ തച്ചങ്കരി അറിയിച്ചു.