തിരുവനന്തപുരം: ഈടില്ലാതെ രണ്ടായിരംപേര്‍ക്ക് ഒരു ലക്ഷം രൂപാ വായ്പ നല്‍കുമെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. ഈടില്ലാതെ വായ്പ നല്‍കുന്നതിനു പുറമേ ഇത്തരം വായ്പകളില്‍ 50% തുക  മുന്‍കൂറായി നല്‍കും. അപേക്ഷിച്ചു ഒരാഴ്ചക്കകം തന്നെ വായ്പാ തുക നല്‍കുന്നതാണ്. വസ്തുവോ മറ്റേതെങ്കിലും തരത്തിലുള്ള ജാമ്യമോ ഇതിലേക്കായി ആവശ്യമില്ല.  

സംരംഭകത്വ വികസന പദ്ധതി പ്രകാരം അപേക്ഷകര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അതേപടി മുഖവിലക്കെടുത്ത് മറ്റു പരിശോധനകള്‍ കൂടാതെയാണ് ഈ വായ്പകള്‍ അനുവദിക്കുന്നതെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സിഎംഡി  ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന തുടക്കക്കാര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകര്‍ക്ക് മൂലധനം സ്വരൂപിക്കുന്നത് വളരെ ദുഷ്‌കരമാണ്. ഇത് മനസിലാക്കിയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോവിഡ്  കാലത്ത് ചെറുകിട വായ്പകള്‍ ഉദാരമായ വ്യവസ്ഥയില്‍  നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

പദ്ധതിയില്‍ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് വളരെ പെട്ടന്ന് തന്നെ വായ്പ അനുവദിക്കുന്നു. മൂന്ന് വര്‍ഷം വരെ  തിരിച്ചടവ് കാലാവധിയുള്ള ഈ  വായ്പകളിലേക്ക് ആഴ്ച  തോറും ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങളിലൂടെയുള്ള തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. മാത്രമല്ല വായ്പ ലഭിക്കാനാവശ്യമായ MSME റെജിസ്‌ട്രേഷന്‍, പാന്‍ കാര്‍ഡ് എന്നിവയും കോര്‍പ്പറേഷന്‍ മുഖേന ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പദ്ധതിയില്‍ വായ്പകള്‍ 7% പലിശയില്‍ (3% സംസ്ഥാന  സര്‍ക്കാര്‍ സബ്‌സിഡി ഉള്‍പ്പടെ) ആണ് നല്‍കുന്നത്. മാത്രമല്ല സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കു മറ്റു സബ്സിഡികള്‍ക്കുമുള്ള അര്‍ഹത ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here