വര്‍ഷ ഭോസ്‌ലെ, വയസ്സ് 20, തന്റെ 2 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കാരണം രണ്ടുപേര്‍ക്കും ഒരുമിച്ച് ചിലവഴിക്കന്‍ സമയമില്ലത്രേ… ഐടി പ്രൊഫണലുകളായ ഇരുവരേയും തങ്ങളുടെ കരിയറിനെയാണ് അധികമായി പ്രേമിക്കുന്നത്.

അടുത്തത് കുസും സിംഗ്, സാമ്പത്തിക വിദഗ്ധ. സ്വന്തം ദാമ്പത്യജീവിതം കുസും അവസാനിപ്പിച്ചത് കഴിഞ്ഞ ജനുവരിയില്‍. ഇതിന് ഇവര്‍ പറയുന്ന കാരണം എന്തെന്നോ? ‘എന്റെ ഭര്‍ത്താവ് ഒരു ചീത്ത വ്യക്തിയല്ല. പക്ഷെ പതുക്കെ ഞങ്ങള്‍ തമ്മില്‍ അകലുകയും എനിക്ക് മറ്റൊരു വ്യക്തിയെ ഇ്ഷ്ടമാവുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു.”

നിങ്ങള്‍ ഈ വായിച്ചത് കരണ്‍ ജോഹര്‍ ചിത്രമായ കഭി അല്‍വിദാ നാ കെഹനയുടെ റീമേക്ക് ഒന്നുമല്ല. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ അടുത്തിടെ വിവാഹമോചനം നേടിയവരില്‍ രണ്ടുപേരുടെ വാക്കുകളാണ്.

മുംബൈ നഗരം… എന്നും അത്ഭുതങ്ങള്‍ മാത്രമേ ഈ നഗരം സമ്മാനിച്ചിട്ടുള്ളൂ ഒപ്പം സങ്കടങ്ങളും ആശങ്കകളും.. ഇതാ മുംബൈ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇത്തവണ വിവാഹമോചനത്തിന്റെ കാര്യത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ശ്രദ്ധ നേടിയിരിക്കുന്നത്.

മുംബൈയില്‍ ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2009നും 2010നും ഇടയില്‍ നഗരത്തിലെ വിവാഹമോചനങ്ങള്‍ 4624ല്‍ നിന്നും 13 ശതമാനം ഉയര്‍ന്ന് 5245ല്‍ എത്തിയിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു പതിറ്റാണ്ട് തികയുന്നതിനുമുമ്പ് 86ശതമാനം വര്‍ദ്ധനവാണ് നഗരത്തിലെ വിവാഹമോചനത്തില്‍ വന്നിരിക്കുന്നത്.

വളരെ ആവേശത്തോടെ വിവാഹം കഴിക്കുന്ന ഇന്നത്തെ യുവാക്കാള്‍ അതേ ആവേശത്തോടെയാണ് വിവാഹമോചനവും നേടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നഗരജീവിതത്തിന്റെ സന്തതസഹചാരി ആയി മാറിക്കഴിഞ്ഞു ഇത്. അമ്മായിഅമ്മ വില്ലന്‍ കഥാപാത്രമായിരുന്ന കാലഘട്ടമൊക്കെ അവസാനിച്ചു എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സാമ്പത്തികമായും വൈകാരികമായും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡ് വര്‍ദ്ധിക്കാന്‍ കാരണം. വിവാഹമോചനം നേടുന്നതോടെ തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണെന്ന തോന്നല്‍ ഇന്നത്തെ സ്ത്രീകളില്‍ തീരെയില്ല. കല്യാണം കഴിഞ്ഞ് ആറ് മാസത്തിനകം ബന്ധം വേര്‍പ്പെടുത്തിയ യുവാക്കളുടെ എണ്ണവും കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗംഗ അന്തര്‍ജ്ജനം

LEAVE A REPLY

Please enter your comment!
Please enter your name here