അണികളുടേയും നേതാക്കളുടേയും സ്വഭാവദൂഷ്യക്കഥകളില്‍ ആടിയുലയുകയാണു സി.പി.എം. പി.ശശിയില്‍ തുടങ്ങിയ സംഭവ പരമ്പരകള്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലില്‍ ചെന്നു നില്‍ക്കുന്നു. ഇപ്പോഴത്തെ മാറ്റങ്ങള്‍ക്കു പുറകില്‍ സംഘടനാ സമ്മേളനങ്ങളുടെ പശ്ചാത്തലമാണെന്നതു പരസ്യമായ രഹസ്യമാണ്.

രാഷ്ട്രീയ പ്രതിയോഗികളെ വീഴ്ത്താന്‍ ഏതടവും സ്വീകരിക്കുക എന്ന തന്ത്രത്തിന്റെ ഏറ്റവും മൂര്‍ത്തമായ ഉദാഹരണമാണു എറണാകുളത്തു കണ്ടത്. കണ്ണൂരിലെ ശശിയുടെ പ്രശ്‌നത്തില്‍ ഇരയായ സ്ത്രീ രേഖാമൂലം പാര്‍ട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇര എന്നു പറയപ്പെടുന്ന സ്ത്രീക്ക് എറണാകുളം ജില്ലാ സെക്രട്ടറിയുമായുള്ള ബന്ധത്തില്‍ യാതൊരു പരാതിയുമില്ല.

അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറിയുടെ ഓഫീസ് ഉപയോഗിച്ചു എന്നുള്ളതാണ് ഉയര്‍ന്നിരിക്കുന്ന പ്രധാനപരിപാടി. അഭിഭാഷക സംഘടനാ പ്രവര്‍ത്തകയുമായി അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ചകള്‍ പതിവായതാണ് വി.എസ് പക്ഷത്തെ പ്രകോപിപ്പിച്ചത്. എച്ച്.എം.ടി ഭൂമിയിടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് ഗോപി വി.എസ് പക്ഷത്തു നിന്നും അകന്നത്. അതിനു ശേഷമായിരുന്നു വി.എസ് പക്ഷം അദ്ദേഹത്തിനെതിരെ തെളിവു ശേഖരം തുടങ്ങിയത്.

സംഘടനാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളമെങ്ങും പ്രതിയോഗികള്‍ക്കെതിരെ സി.പി.എം ചേരികള്‍ പെണ്‍വിഷയം ആയുധമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മൂര്‍ത്തമായ രൂപമാണ് ഗോപി കോട്ടമുറിക്കലിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. പ്രശ്‌ന സങ്കീര്‍ണമായ വരുംദിവസങ്ങള്‍ കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയാക്കി സി.പി.എമ്മിനെ മാറ്റുമെന്നതില്‍ സംശയമില്ല.

ശ്രീധരന്‍ നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here