binoy viswam
binoy viswam

കമ്യൂണിസ്റ്റ് ഐക്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സി.പി.എമ്മിനെ പ്രകോപിപ്പിച്ച് ജനയുഗം ചീഫ് എഡിറ്റര്‍ ബിനോയ് വിശ്വം രംഗത്തെത്തി. രാഷ്ട്ര ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവര്‍ കമ്യൂണിസ്റ്റ് ഐക്യം മുന്നോട്ടുവെക്കുമെന്ന വാദവുമായി പത്രത്തില്‍ പരമ്പര ആരംഭിച്ചാണ് അദ്ദേഹം സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്.

ചൈനാ-സോവിയറ്റ് തര്‍ക്കമല്ല, ഇ.എം.എസിന്റെ ന്യൂ ഏജ് മുഖപ്രസംഗം ഡാങ്കെ തിരുത്തിയതാണ് പാര്‍ട്ടി ഭിന്നിപ്പിന്റെ കാരണമെന്നുള്ള വാദം ആത്മനിഷ്ഠമായ ഒരുതരം കടുംപിടുത്തമാണെന്ന വിമര്‍ശനത്തോടെയാണ് അദ്ദേഹം സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുന്നത്. അവയെല്ലാം താരതമ്യേന ചെറുതും നിസാരവുമായ സംഭവങ്ങളാണ്. കേന്ദ്രപ്രാധാന്യമര്‍ഹിക്കുന്നതും അടിസ്ഥാനപരവുമായത് അന്നു ജനറല്‍ ലൈന്‍ എന്ന പേരില്‍ ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടി മുന്നോട്ടുവച്ച ഭിന്നിപ്പിക്കല്‍ വാദമായിരുന്നുവെന്നും ബിനോയ് വിശ്വം സമര്‍ഥിക്കുന്നു.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍

ഭിന്നിച്ചുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേക്കാള്‍ ഐക്യപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണു ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാനും അവരെ മുന്നോട്ടു നയിക്കാനും കഴിയുക. ഇന്നത്തെ സമരത്തിന്റെ കേന്ദ്രപ്രശ്‌നം കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റേതാകണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

കള്ളപ്പണവും അഴിമതിയും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും വലതുപക്ഷ പ്രതിസന്ധിയുടെ ഭാഗമാണ്. അവയുടെ ഉറവിടം കമ്പോളത്തിനും ലാഭത്തിനും പരമപ്രാധാന്യം കല്‍പ്പിക്കുന്ന ആഗോളവല്‍ക്കരണം തന്നെയാണ്. സമൂഹത്തെ വേട്ടയാടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ചൂണ്ടിക്കാട്ടാന്‍ ആഗോളവല്‍ക്കരണത്തിന് അടിപ്പെട്ട വലതുപക്ഷത്തിന് കഴിയില്ലെന്നതു തീര്‍ച്ച. അവിടെയാണ് ഇടതുപക്ഷം അതിന്റെ ചരിത്രദൗത്യത്തെക്കുറിച്ച് പുതിയ അവബോധത്തോടെ കൂടുതല്‍ വ്യക്തതയോടെ ചിന്തിക്കേണ്ടത്.

കമ്മ്യൂണിസ്റ്റ് ഐക്യം എന്ന ആശയത്തിന് അനിഷേധ്യമായ പ്രസക്തി ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ് സന്ദേഹങ്ങള്‍ വെടിഞ്ഞ് കര്‍ത്തവ്യനിര്‍വഹണത്തിന്റെ പുതിയ അധ്യായങ്ങള്‍ തുറക്കേണ്ട ഈ സന്ദര്‍ഭത്തില്‍ ഭിന്നിപ്പിന്റെ പുസ്തകങ്ങള്‍ ആവര്‍തിച്ച് ഉദ്ധരിക്കുന്നതില്‍ എത്രമാത്രം ശരിയുണ്ട്? ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മാതൃഭൂമി ലേഖനത്തില്‍ ഞാന്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചത്.

അതില്‍ പ്രതിപാദിച്ച കാര്യങ്ങളെയൊന്നും സ്പര്‍ശിക്കാതെ രണ്ടാം ഇന്റര്‍നാഷണയിലെ ഭിന്നിപ്പും ഗോഥാ പ്രോഗ്രാമിന്റെ വിമര്‍ശനവും തൊട്ടുപോകാനാണ് പി ജി താല്‍പര്യം കാണിച്ചത്. സോഷ്യല്‍ ഡമോക്രസിയുമായുള്ള അന്നത്തെ സമരത്തില്‍ മാര്‍ക്‌സും ലെനിനും സ്വീകരിച്ച നിലപാടിന്റെ ഫലമായി വിപ്ലവത്തിന്റെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കപ്പെടുകയാണുണ്ടായത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നിപ്പിനെ അവയോട് താരതമ്യം ചെയ്യാനുള്ള പി ജിയുടെ ശ്രമം സാഹസികമാണ്. സത്യത്തില്‍ ഭിന്നിപ്പിന്റെ ബാക്കിപത്രം എന്താണ്? ഇന്ത്യന്‍ വിപ്ലവത്തിന്റെ താല്‍പര്യങ്ങളും അത് മുന്നോട്ട കൊണ്ടുപോയോ? മര്‍ദിതരും ചൂഷിതരുമായ ജനകോടികളുടെ മോചന സ്വപ്നങ്ങള്‍ക്ക് അത് കരുത്ത് പകര്‍ന്നോ?

കമ്മ്യൂണിസ്റ്റുകാരുടെ ജീവിതത്തിലും പ്രവര്‍ത്തിയിലും ചൈതന്യം പകരേണ്ട മൂല്യബോധങ്ങള്‍ക്ക് അത് മാറ്റ്കൂട്ടിയോ? ശക്തി ആര്‍ജിച്ച് പോരിന് വരുന്ന ശത്രുവര്‍ഗത്തെ എതിരിടാന്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് എന്തു പുതിയ കരുത്താണ് ഭിന്നിപ്പ് സമ്മാനിച്ചത്? ഈ ചോദ്യങ്ങള്‍ ഓരോന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പൊതുവില്‍ ബാധകമായവരാണ്. പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുടെയെല്ലാം മനസില്‍ നീറിക്കൊണ്ടിരിക്കുന്നവയാണ്.

”കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തിരുത്തല്‍വാദി (റിവിഷനിസ്റ്റ്)കളുമായി തെറ്റിപ്പിരിഞ്ഞ് സി പി എം രൂപീകൃതമായ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് പി ജി ഊറ്റംകൊള്ളുന്നുണ്ട്. അവര്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടിയെക്കുറിച്ചും ‘പൊളിറ്റിക്കല്‍-ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടി’നെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. ഭിന്നിപ്പ് കാലത്തിന്റെ പദപ്രയോഗങ്ങളും മാനസികാവസ്ഥയും കടംവാങ്ങിക്കൊണ്ടാണ് അദ്ദേഹം അത് ചെയ്യുന്നത്. ആ പരിപാടി ഭേദഗതി ചെയ്യപ്പെട്ടതും ‘പൊളിറ്റിക്കല്‍-ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്’ ആ രൂപത്തില്‍ ഇന്നത്തെ കാലത്തിന് തെല്ലും ബാധകമല്ലെന്നതും പി ജിയെപ്പോലെ ഒരാള്‍ക്ക് നടന്നായി അറിയുന്നതാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here