Home Blog

മുതിര്‍ന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം | സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കണ്ണൂരിലാണ് സംസ്‌കാരം.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര നീട്ടിവച്ചിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ പ്രവേശം. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍ നിന്നു നിയമസഭയിലെത്തി. 2001ല്‍ പ്രതിപക്ഷ നേതാവായും 2006ല്‍ വി.എസ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. 2015ലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിലേക്കു എത്തിയത്.

5.2 കോടി കെട്ടിവച്ച ശേഷം മതി ജാമ്യം നൽകൽ; മിന്നൽ പണിമുടക്കിൽ ഹൈക്കോടതി

കൊച്ചി| പോപുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനു പിന്നാലെ കർശന നിലപാടുമായി ഹൈക്കോടതി. സമരത്തിലുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി കെ.എസ്. ആർ.ടി.സി സമർപ്പിച്ച ഹർജിയിൽ 5.2 കോടി രൂപ കെട്ടിവയ്ക്കാൻ സമരക്കാരോട് കോടതി നിർദ്ദേശിച്ചു. നഷ്ടപരിഹാര തുക കെട്ടിവച്ച ശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂവെന്ന് ജില്ലാ കോടതികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

ഹർത്താലിൽ കെ.എസ്. ആർ.ടി.സി.ക്കും സർക്കാരിനും ഉണ്ടായ നാശനഷ്ട്ടങ്ങൾക്കു പരിഹാരമായി പോപ്പുലർ ഫ്രണ്ടുകാർ 5.2 കോടി രണ്ടാഴ്ച്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണം. അല്ലാത്ത പക്ഷം സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. എല്ലാ ഹർത്താൽ കേസുകളിലും പി.എഫ്. എ സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൾ സത്താറിനെ പ്രതി ചേർക്കണം.

58 ബസുകൾ തകർന്നുവെന്നും 10 ജീവനക്കാർക്ക് പരിക്കേറ്റുവെന്നുമാണ് കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചത്.

എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിനു തുല്ല്യാവകാശം, സുപ്രധാന വിധി സുപ്രീം കോടതിയുടേത്

ന്യുഡല്‍ഹി | ഗര്‍ഭചിദ്രത്തിനു അവിവാഹിതര്‍ക്കും അവകാശമുണ്ടെന്നും അതു സ്ത്രീയുടെ അവകാശമാണെന്നും സുപ്രീം കോടതി. വിവാഹിതയെന്നോ അവിവാഹിതയെന്നോയുള്ള വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണ്.

മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക വേഴ്ചയും ബലാത്സംഗമായി കാണാമെന്നും സുപ്രീം കോടതിയുടെ സുപ്രധാന വിധി വ്യക്തമാക്കുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനു അവകാശമുണ്ടെന്നും വ്യക്തമാക്കുന്നു. ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 വയസുകാരി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും പങ്കാളി തന്നെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുമായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാല്‍, ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യ പ്രസാദും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയില്ല. 2003 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി റൂള്‍സിനു കീഴിലുള്ള ഒരു ക്ലോസിലും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച അവിവാഹിതരായ സ്ത്രീകള്‍ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

കൂടുതല്‍ സൗകര്യങ്ങളുമായി യു.ടി.എസ്. ആപ്പ്, സ്‌റ്റേഷനിലെത്തിയും ടിക്കറ്റെടുക്കാം

തൃശൂര്‍ | റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസണ്‍ ടിക്കറ്റും ഇനി മുതല്‍ റെയില്‍വേ സൗകര്യങ്ങള്‍ക്കായുള്ള യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പില്‍ എടുക്കാം. വിപുലമായ സൗകര്യങ്ങളോടെയാണ് ആപ്പ് അടിമുടി പരിഷ്‌കരിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.

ആപ്പിലെ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ യു.പി.ഐ, നെറ്റ്ബാങ്കിംഗ്, ഡെബിറ്റ്, കെഡ്രിറ്റ് കാര്‍ഡുകളിലൊന്നോ ഉപയോഗിച്ചും പണം അടയ്ക്കാനാകും. റെയില്‍വേ വാലറ്റില്‍ നിക്ഷേപിക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് മൂന്നു ശതമാനം ബോണസുണ്ടാകും.

റണ്ണൊഴുക്ക് ഇല്ലാതിരുന്നിട്ടും ക്ലാസ് ഷോട്ടുകള്‍ കണ്ട് മലയാളികള്‍, ഇന്ത്യന്‍ വിജയം എട്ടു വിക്കറ്റിന്

തിരുവനന്തപുരം | റണ്‍സ് ഒഴുകാന്‍ മടിച്ച കാര്യവട്ടത്ത് വിജയം കൈപ്പിടിയിലൊതുക്കി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ എട്ടു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ദാക്ഷിണാഫ്രിക്ക 107 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിലേക്കു വച്ചത്. 20 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ കെ.എല്‍. രാഹുലും സൂര്യകുമാര്‍ യാദവും ദൗത്യം ഏറ്റെടുത്തു. ഇരുവരും അര്‍ധസെഞ്ച്വറി തികച്ചതും കാണികളെ ആവേശത്തിലാക്കി. 14 ബൗണ്ടറികളാണ് ഇരുവരുടെയും ബാറ്റുകളില്‍ നിന്നു പിറന്നത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് വമ്പന്‍ തകര്‍ച്ചയാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഇന്ത്യണ്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. ബുംറയ്ക്കും ഭുവനേശ്വറിനും പകരം ടീമിലിടം നേടിയ അര്‍ഷ്ദീപ് സിംഗും ദീപക് ചാഹറും നിറഞ്ഞാടി. 41 റണ്‍സെടുത്ത കേശവ് മഹാരാജ് മാത്രമാണ് പ്രതിരോധിച്ചു നിന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു, പ്രവര്‍ത്തിക്കുന്നത് രണ്ടു വര്‍ഷം തടവു കിട്ടുന്ന കുറ്റം

ന്യൂഡല്‍ഹി | കേന്ദ്ര ഏജന്‍സികളുടെ നടപടിക്കു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചു. രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിലും പരിശോധനകളിലുമായി ദേശീയ നേതാക്കളെ അടക്കം പിടികൂടിയിരുന്നു. കേരളത്തില്‍ നിന്നുള്ള 19 പേര്‍ തടവിലാണ്.

നിരോധനം നിലവില്‍ വിന്നതോടെ ഈ സംഘനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റമായി കാണും. രണ്ടു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചും രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുമാണ് യുഎപിഎ നിയമപ്രകാരമുള്ള നടപടി. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സംഘടനകളിലേക്കു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായി എന്‍.ഐ.എ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്, നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

കൊച്ചി | യുട്യൂബ് അവതരാകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. സുഹൃത്തുകള്‍ക്കൊപ്പം കൊച്ചി മരട് പോലീസ് സ്‌റ്റേഷനിലാണ് ശ്രീനാഥ് ഭാസി നേരിട്ട് ഹാജരായത്.

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ ശ്രീനാഥ് ഭാസി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അവതാരകയുടെ പരാതി. പോലീസിനു പിന്നാലെ വനിതാ കമ്മിഷനും അവതാരക പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യനില്‍ നിന്നുണ്ടാകുന്ന പ്രതികരണമാണ് പ്രകടിപ്പിച്ചതെന്നാണ് ശ്രീനാഥ് ഭാസിയുടെ നിലപാട്. അവതാരകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ട്വന്റി 20 റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ദ്ധിപ്പിച്ച് ഇന്ത്യ

ദുബായ് | ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തോടെ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിച്ചു. രണ്ടാം സ്ഥാനത്താരായ ഇംഗ്ലണ്ടിനെ (261 )നെക്കാള്‍ ഏഴു പോയന്റ് മുന്നിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്ടമായതോടെ ആറാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്ക്കു ഒതു പോയന്റ്് നഷ്ടമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയാണ് 258 പോയന്റുമായി മൂന്നാം സ്ഥാനത്ത്.

സ്‌റ്റൈലിഷ് ലുക്കില്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി ഭാവന, പിന്നാലെ സൈബര്‍ ലോകത്ത് ചര്‍ച്ചകളും ആക്രമണവും

നടി ഭാവനയ്ക്ക് ഗോള്‍ഡല്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്തെത്തിയാണ് നടി വിസ കൈപ്പറ്റിയത്. വിസ സ്വീകരിക്കാനെത്തിയ നടിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്.

പിന്നാലെ നടിയുടെ വസ്ത്രധാരണത്തെപ്പറ്റിയുള്ള ചര്‍ച്ചകളും സൈബര്‍ ആക്രമണങ്ങളും സമൂഹ മാധ്യങ്ങളില്‍ കൊടുമ്പിരികൊള്ളുകയാണ്. സ്‌കിന്‍ കളറുള്ള വസ്ത്രം ധരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. സംഭവത്തില്‍ ഭാവനയെ പിന്തുണച്ചും നരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി മലയാളത്തില്‍ സജീവമാവുകയാണ്. ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’വിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായായിരുന്നു. 2017ല്‍ റിലീസ് ചെയ്ത ആദം ജോണ്‍ ആണു ഭാവനയുടെ മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

തടവിലാക്കിയതു മുതല്‍ കണക്കിലെടുക്കണം, ജയിലുകളില്‍ വിചാരണ തടവുകാര്‍ കൂടുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി | സംസ്ഥാനത്തെ ജയിലുകളിലുള്ളവരില്‍ പകുതിയും വിചാരണ തടവുകാര്‍. വിചാരണത്തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഹൈക്കോടതി ജസ്റ്റിസുമാരായ കെ. വിനോദ്് ചന്ദ്രനും സി. ജയച്രന്ദനും അടങ്ങിയ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ കണക്കനുസരിച്ച് 2020 ല്‍ കേരളത്തിലെ ജയിലുകളിലുള്ളതില്‍ 59 ശതമാനം പേര്‍ വിചാരണ തടവുകാരാണെന്നു കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ തടവിലാക്കിയത് എന്നുമുതലെന്ന് കണക്കിലെടുത്ത് വിചാരണ തുടങ്ങണമെന്നുകാട്ടി വിചാരണക്കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കണം. പ്രതികളുടെ കാരണംകൊണ്ടല്ലാതെ വിചാരണ നീണ്ടുപോയാല്‍ ജാമ്യം അനുവദിക്കുന്നതും കണക്കിലെടുക്കണം. ഇതിനായി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിടാന്‍ രജിസ്ട്രിയോട് നിര്‍ദേശിച്ചു.

കൊലപാതകക്കുറ്റമടക്കമുള്ള കേസുകളില്‍ അറസ്റ്റിലായി എട്ടുവര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന തമിഴ്‌നാട് സ്വദേശി ജാഹിര്‍ ഹുസൈനിന്റെ അപ്പീല്‍ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഇടപെടല്‍.

Just In

Ruk Special