കണി ഒരുക്കുമ്പോള്‍: മഹാവിഷ്ണുവിന്റെ മുഖമാണ് കണിവെള്ളരി, കിരീടമാണ് കൊന്നപ്പൂക്കള്‍….

0
406

കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായും കൊന്നപ്പൂക്കള്‍ കിരീടമായും വാല്‍ക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കല്‍പ്പം. മേടം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവസമാണ് വിഷു ആഘോഷിക്കുന്നത്.

സമ്പല്‍സമൃദ്ധമായ പ്രകൃതിയുടെ പ്രതീകമാണ് ഓരോ വീട്ടിലും ഒരുക്കുന്ന വിഷുക്കണി. പുതുവര്‍ഷത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനുമായി കണി ഒരുക്കന്നതിന് ചില ചിട്ടകളും സങ്കല്‍പ്പങ്ങളുമൊക്കെയുണ്ട്.

വിഷുവിന്റെ തലേക്ക് കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളാണ് കണി ഒരുക്കാറ്. ശ്രീകൃഷ്ണന്റെ വിഗ്രഹത്തിനു മുന്നിലോ ചിത്രത്തിനു മുന്നിലോ വേണം കണി ഒരുക്കാന്‍.

കണി ദര്‍ശനം 4.16 മുതല്‍ 6.38 വരെ

മേടം ഒന്ന് തിങ്കളാഴ്ചയാണ്. മേടമാസത്തിലെ ആദ്യ സൂരോദയം വരുന്നതും അന്നുതന്നെ. വിഷുക്കണി ദര്‍ശനം നടത്തേണ്ടത് തിങ്കളാഴ്ച കാലത്താണ്. ആദിത്യന്‍ ഉദയരാശിയില്‍ സ്പര്‍ശിച്ച് ഒരു നാഴിക കഴിുന്നതുവരെ കണി കാണാം. പുലര്‍ച്ചെ 4.16 മുതല്‍ 6.38 വരെയുള്ള സമയം ഭാരതത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഉത്തമമാണ്.

ഓട്ടുരുളിയില്‍ ഉണ്ണക്കലരി പകുതിയോളം നിറയ്ക്കുക. അതില്‍ ആദ്യം കണിവെള്ളരി. പിന്നെ ചക്ക, പൊതിച്ച നാളികേരം, മാങ്ങ, കദളിപ്പഴം, നാരങ്ങ, നെല്ലിക്ക തുടങ്ങിയവ വയ്ക്കാം. ചക്കയും നാളികേരവും ഗണപതിപ്രീതിക്കെങ്കില്‍, മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം കണ്ണനും നാരങ്ങ ലക്ഷ്മി ദേവി സങ്കല്‍പ്പത്തിലുമാണ്.

ദേവീസങ്കല്‍പ്പത്തില്‍ ഓട്ടുരുളിയുടെ നടുവില്‍ വാല്‍ക്കണ്ണാടി വച്ച് അതില്‍ സ്വര്‍ണ്ണമാല ചാര്‍ത്താം. കണിക്കൊന്ന പൂക്കള്‍ ഏറ്റവും പ്രധാനമാണ്. അതു മറക്കാതിരിക്കുക. ഇതിന്റെ തൊട്ടടുത്ത് ഓട്ടുതാലത്തില്‍ കസവു മുണ്ട്, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, വെറ്റില, നാണയത്തുട്ടുകള്‍ തുടങ്ങിയവയും വയ്ക്കുന്നതാണ് രീതി.

കണികാണുന്ന സമയത്തേക്കായി നിലവിളക്ക്, സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍ തുടങ്ങിയവ കൂടി തയാറാക്കിവയ്ക്കാന്‍ മറക്കരുതേ.

LEAVE A REPLY

Please enter your comment!
Please enter your name here