ഓടും മുമ്പ് കഥയറിയണം

0

ശിവരാത്രിയോടനുബന്ധിച്ച ശിവാലയ ഓട്ടം പ്രസിദ്ധമാണ്. ഭീമസേനന്‍ സ്ഥാപിച്ച 12 ശിവക്ഷേത്രങ്ങളില്‍ ഓടിയെത്താന്‍ 79 കിലോമീറ്റുകള്‍ സഞ്ചരിക്കേണ്ടതുണ്ട്. വാഹനസൗകര്യം ഒരു ‘സൗകര്യ’മായതോടെ എല്ലാം എളുപ്പമാണെങ്കിലും ശിവാലയ ഓട്ടത്തിനു പിന്നിലൊരു കഥയുണ്ട്. ഓടുംമുമ്പ് ആ കഥയെന്തെന്നറിയാം.

കുരുക്ഷേത്രയുദ്ധത്തിനുശേഷം പാപപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് പാണ്ഡവര്‍. അശ്വമേധം നടത്തണമെന്ന് വ്യാസന്‍ ഉപദേശിച്ചു. മുഖ്യ അതിഥിതിയായി വ്യാഘ്രപാദന്‍ എന്ന ശിവഭക്തനായ മുനിയെ എത്തിക്കേണ്ടതുണ്ട്. ശിവനാമം അല്ലാതെ മറ്റ് ഈശ്വരസ്തുതികള്‍ കേട്ടാല്‍തന്നെ കോപിഷ്ഠനാകുന്നയാളാണ് വ്യാഘ്രപാദന്‍. പൂര്‍ണ്ണമായും ശിവപൂജയും തപസുമായി കഴിയുന്ന വ്യാഘ്രപാദനെ എത്തിക്കാനുള്ള ചുമതല ഭീമസേനന് ലഭിക്കുന്നു. അദ്ദേഹത്തിനെ തപസില്‍നിന്നുണര്‍ത്താന്‍ ‘ഗോവിന്ദ ഗോപാല’ എന്ന വിജ്ണുസ്തുതി ഉറക്കെ പാടണമെന്നും കോപിഷ്ഠനാകുന്ന വ്യാഘ്രപാദനെ അനുനയിപ്പിക്കാന്‍ ശിവപ്രതിഷ്ഠ നടത്തിയാല്‍ മതിയെന്നും ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നു.

ഭീമസേനന്‍ വ്യാഘ്രപാദന്റെ മുന്നിലെത്തി ‘ഗോവിന്ദ ഗോപാല’ സ്തുതി ഉറക്കെ ചൊല്ലി. കോപിഷ്ഠനായ അദ്ദേഹം ഭീമനെ ആക്രമിക്കാന്‍ പിന്നാലെ ഓടി. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഭീമസേനന്‍ കൈവശമുണ്ടായിരുന്ന ആദ്യ ശിവലിംഗം പ്രതിഷ്ഠിച്ചു. ശിവലിംഗം കണ്ട വ്യാഘ്രപാദന്‍ അവിടെയിരുന്ന് ശിവനെ പൂജിക്കാന്‍ തുടങ്ങി. അല്‍പസമയശേഷം ഭീമസേനന്‍ വീണ്ടും ഗോവിന്ദ സ്തുതി തുടങ്ങി. വ്യാഘ്രപാദന്‍ പിന്നാലെ ഓടി. ഒടുവില്‍ ഓടിത്തളര്‍ന്ന ഭീമസേനനുമുന്നില്‍ സാക്ഷാല്‍ നാരായണ്‍ പ്രത്യക്ഷപ്പെടുകയും പിന്നാലെയെത്തിയ വ്യാഘ്രപാദന് അത് ശിവരൂപമായിത്തോന്നുകയും ചെയ്തു. ശിവനും നാരായണനും എല്ലാം ഒന്നാണെന്ന് മനസിലാക്കിയ വ്യാഘ്രപാദന്‍ ഒടുവില്‍ പാണ്ഡവരുടെ അശ്വമേധത്തിനെത്തിയതായാണ് കഥ.

ഇങ്ങനെ ഭീമസേനന്‍ തന്റെ ഓട്ടത്തിനിടയില്‍ സ്ഥാപിച്ച 12 ശിവലിംഗ പ്രതിഷ്ഠകളാണ് ഈ 79 കിലോമീറ്ററുകളില്‍ ചുറ്റിക്കറങ്ങി കിടക്കുന്നതെന്നാണ് ഐതീഹ്യം. തമിഴ്‌നാട്ടിലെ തിരുമല, തിക്കുറിച്ചി, തൃപ്പരപ്പ്, തിരന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാംകോട്, തിരുവിടക്കോട്, തിരുവിതാംകോട്, തൃപ്പന്നിക്കോട്, തിരുനാട്ടാലം എന്നിവിടങ്ങളിലാണ് ഈ ശിവക്ഷേത്രങ്ങള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here