കെ.എം.ആര് പോറ്റി

അക്ഷയത്രിതീയ പുതിയ സമാരംഭങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമായിട്ടാണ് കരുതപ്പെടുന്നത്. ഏറ്റവും സവിശേഷമായ ഈ നാളില്‍ ഏതൊരു പ്രവര്‍ത്തിക്കു തുടക്കം കുറിച്ചാലും പൂര്ണ്ണവിജയമാകുമെന്നാണ് ഐതീഹ്യം.
അക്ഷയമെന്നാല് ക്ഷയിക്കാത്തത്, കുറയാതെ ഫലം നല്‍കുന്നത് എന്നൊക്കെയാണ് ഐതീഹ്യം. ഈ ദിവസത്തിന്റെ ഐതീഹ്യങ്ങളും ഏറെയാണ്.സമ്പത്തിന്റെ അധിപനായ കുമ്പേരന്‍ സംഖ്യാനിധി, പത്മനിധി എന്നി ഐശ്വര്യകലശങ്ങള് നേടിയ ദിവസം അക്ഷയ ത്രിതീയയാണ്.
മഹാലക്ഷ്മിയുടെ എട്ടു അവതാരങ്ങളില്‍ ഐശ്വര്യ ലക്ഷ്മി, ധാന്യ ലക്ഷ്മി എന്നി അവതാരങ്ങളുണ്ടായത് ഈ പുണ്യദിനത്തിലാണ്. കൃപായുഗത്തില്‍ അക്ഷയത്രിതീയ ദിവസമാണ് ബ്രഹ്മാവ് ലോകം സൃഷ്ടിച്ചത്.
വനവാസവേളയില്‍ കൊടും തപസനുഷ്ടിച്ച ധര്‍മ്മപുത്രന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ട സൂര്യ ഭഗവാന് അന്ന സമൃദ്ധി കുറയാത്ത അക്ഷയപാത്രം നല്‍കിയത് ഈ ദിനത്തിലാണ്.
ദശാവതാരങ്ങളില്‍ പരശുരാമ അവതാരം നടന്നത് അക്ഷയത്രിതീയ നാളിലാണ്. ശ്രീപരമേശ്വരന് ഭിക്ഷാടകനായി എത്തി അന്നപൂര്‍ണ്ണയായ പരമേശ്വരിയില്‍ നിന്നു ഭിക്ഷ തേടിയതും ഇതേ ദിവസത്തിലാണ്. ഭിക്ഷാടക വേഷധാരിയായ ഈശ്വരന് അംബികയില്‍ നിന്നും ഇരന്ന് ഭിക്ഷ വാങ്ങിച്ചു. ഈശ്വരനുതന്നെ അമൃത് നല്കിയ അന്നപൂര്‍ണയ്ക്ക് മഹത്തായ അഷ്ടശക്തികള്‍ വര്‍ദ്ധിച്ചുവെന്നാണ് ഐതീഹ്യം.
മഹോദയം എന്ന നഗരത്തില്‍ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. സല്‍സ്വഭാവിയും ദാനശീലനുമായ അയാധി അക്ഷയത്രിതീയയുടെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് ഓരോ വര്‍ഷവും ആ പുണ്യനാളില്‍ ഗംഗയില്‍ നീരാടി പിതൃതര്‍പ്പണം ചെയ്യുന്നതിനൊപ്പം ഗോദാനം, സ്വര്‍ണ്ണദാനം, ഭൂമി ദാനം എന്നീ സല്‍കര്‍മ്മങ്ങളും ചെയ്യുമായിരുന്നു. അതിന്റെ ഫലമായി അടുത്ത ജന്മത്തില് അയാള്‍ കുശാവതി എന്ന രാജ്യത്തിന്റെ രാജാവായി പിറന്നു. അക്ഷമമായ സമ്പത്ത് നേടിയതായും കഥയുണ്ട്. അതുകൊണ്ട് ഈ ദിവസം ഗംഗാസ്നാനം, പിതൃതര്‍പ്പണം എന്നിവയ്ക്കൊപ്പം സ്വര്‍ണം, വിശറി, കുട എന്നിവ ദാനം ചെയ്താല്‍ ക്ഷയിക്കാത്ത ഫലം കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു.
അക്ഷയത്രിതീയ നാളില്‍ ഉത്തരേന്ത്യയില്‍ ചിലര്‍ തങ്ങളുടെ വീടുകളില്‍ മഹാവിഷ്ണുവിനായി ഒരു പൂജ ചെയ്യാറുണ്ട്. എങ്ങനെയെന്നാല്‍, നാഴിയില്‍ അരി നിറച്ച്, മഞ്ഞയും കുങ്കുമവും തൊടിയിച്ച് അതിന് പുതിയ വസ്ത്രങ്ങള്‍ ചുറ്റി അലങ്കരിക്കും. അതിനു മീതെ സ്വര്‍ണ്ണനാണയം, വാസന പുഷ്പങ്ങള്‍ അര്‍പ്പിച്ച് പൂജ ചെയ്യും. അതുകൊണ്ട് ഒരു വര്‍ഷം മുഴുവന്‍ കുടുംബങ്ങള്‍ യാതൊരു കുറവുമില്ലാതെ സ്വര്‍ണ്ണം പൊഴിയും എന്ന് വിശ്വസിച്ചിരുന്നു.