ഷായുടെ വരവ് വെറുതെയല്ല, കേരള ബി.ജെ.പിക്ക് ‘കോണ്‍ഗ്രസ് പ്രസിഡന്റ്’

0

തിരുവനന്തപുരം: തമ്മിലടിക്കുന്ന നേതാക്കന്മാരെ നേര്‍വഴിക്കു നയിക്കാന്‍ ബി.ജെ.പി കേരളാ ഘടകത്തിനു ‘കോണ്‍ഗ്രസ് പ്രസിഡന്റ്’. ബി.ജെ.പിയിലെത്താന്‍ തയാറെടുക്കുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ലഭിച്ചതിനു സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ അടക്കം വാഗ്ദാനം.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവേളയില്‍ പുതിയ അധ്യക്ഷനെ സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മണ്ഡലങ്ങളിലെ താഴെതട്ടിലുള്ള തയാറെടുപ്പുകള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്്. മണ്ഡലങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് ചുമതലകള്‍ വീതിച്ചു നല്‍കി. ഒപ്പം സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടും സംസ്ഥാനത്ത് പാര്‍ട്ടി വളരാത്തതിലുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് പല സംസ്ഥാനങ്ങളിലും കണ്ടതുപോലുള്ള ചില രാഷ്ട്രീയ നീക്കങ്ങള്‍ അമിത്ഷായുടെ കേരള സന്ദര്‍ശനത്തിനു പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിട്ടുള്ള പല പ്രമുഖരും ഉടന്‍ ബി.ജെ.പിയുമായി സഹകരിച്ചു തുടങ്ങും. വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുതല്‍ സാംസ്‌കാരിക പ്രമുഖര്‍വരെ ഈ പട്ടികയിലുണ്ട്.

മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളെയും നേതൃത്വം സമീപിച്ചിട്ടുണ്ട്. ഹൈക്കമാന്റ് വച്ചു താമസിപ്പിക്കുന്ന കെ.പി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തോടെ പാര്‍ട്ടി മാറുന്ന നേതാക്കളുടെ കാര്യത്തില്‍ വ്യക്തത വരും. നിലവില്‍ സുരക്ഷാ ഭീഷണിയുള്ള  നേതാവിന് മുന്തിയ സുരക്ഷ വാഗ്ദനാനം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍പ്പോലും സി.പി.എമ്മിനോട് നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഈ നേതാവിനോട് ആര്‍.എസ്.എസിനും എതിര്‍പ്പില്ലെന്നാണ് സൂചന. പാര്‍ട്ടിയിലെത്തിയാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിന് ഇതും ഒരു കാരണമാണ്.

പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള നേതാവ് വേണമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വവും കൂടിക്കാഴ്ചയില്‍ അമിത്ഷായോട് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന അധ്യക്ഷന്‍ ആരായാലും നയങ്ങള്‍ തീരുമാനിക്കുന്നതിലും പ്രധാന ഭാരവാഹികളെ നിശ്ചയിക്കുന്നതിനും ആര്‍.എസ്.എസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന ദേശീയ അധ്യക്ഷന്റെ ഉറപ്പും പുറത്തുനിന്നു വരുന്നവരെ മുന്നില്‍കണ്ടാണെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here