കൊച്ചി | നടി രേവതി സമ്പത്തിന്റെ തുറന്നു പറച്ചിലിനൊടുവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിനു സിദ്ദിഖ് രാജികത്തു നല്‍കി. ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനു മേല്‍ രാജിക്കു സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. രഞ്ജിത്ത് ഇക്കാര്യത്തില്‍ ഔദ്യോഗിക നടപടി കൈക്കൊണ്ടിട്ടില്ലെങ്കിലും രാജി സന്നദ്ധത അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
അമ്മ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകള്‍ക്ക് ഒടുവിലാണ് സിദ്ദിഖിന്റെ പ്രതികരണം. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നുവെന്നാണ് സിദ്ദിഖില്‍ പ്രസിഡന്റ് മോഹന്‍ലാലിനു നല്‍കിയ കത്തില്‍ പറയുന്നത്.
നടന്‍ സിദ്ദിഖില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെയാണ് രംഗത്തെത്തിയത്. പല സുഹൃത്തുകള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’- നടി പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.