തിരുവനന്തപുരം | അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ്. ജൂലൈ 22 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ചയും കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഞായറാഴ്ചയും ഐഎംഡി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലൈ 19, 20 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ (24 മണിക്കൂറില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍) മഴയും, ജൂലൈ 21, 24 തീയതികളില്‍ അതിശക്തമായ (12-20 സെന്റീമീറ്റര്‍) മഴയും, ജൂലൈ 22, 23 തീയതികളില്‍ കനത്ത മഴയും (7-11 സെന്റീമീറ്റര്‍) ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ജൂലൈ 18 മുതല്‍ 21 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ജൂലൈ 18 മുതല്‍ 22 വരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെറിയ സമയത്തേക്ക് മാത്രം പെയ്യുന്ന തീവ്രമായ മഴ കാരണം ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.