വാവ മുന്നിട്ടിറങ്ങി, വിറകുകള്‍ക്കു നടുവില്‍ കുട പിടിച്ച് ഇനി താരയ്ക്ക് ഉറങ്ങേണ്ടി വരില്ല

thara 3ശ്രീകാര്യം: സ്ത്രീ സുരക്ഷ സജീവ ചര്‍ച്ചയാകുന്ന ഇക്കാലയളവില്‍, വിറകുകള്‍ക്കു നടുവില്‍ കുട പിടിച്ച് വര്‍ഷങ്ങളായി ഒരു സ്ത്രീ അന്തിയുറങ്ങുക ? അതും അധികാരികളുടെ മൂക്കിനു താഴെ… വിശ്വസിക്കാനാകുന്നില്ല അല്ലേ.

കുറെ വിറകുകള്‍ അടുക്കി വച്ച് അതിനു നടുവിലായി കഴിഞ്ഞ 15 വര്‍ഷക്കാലമായി കുടക്കീഴില്‍ താമസിച്ചിരുന്ന ഓര്‍മ ശക്തി കുറവുള്ള താരയെ ഇപ്പോഴും അധികാരികള്‍ കണ്ടിട്ടുണ്ടാവില്ല. വീടിന്റെ പരിസരത്ത് ഇത്തരമൊരു താര ചേച്ചി ജീവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ വാവ സുരേഷും കൂട്ടരും ഇവര്‍ക്ക് കൈതാങ്ങായി. ഇന്ന് താരയ്ക്ക് കയറി കിടക്കാന്‍ ഒരു വീടുണ്ട്.

thara 2

വിറകുകള്‍ക്കിടയില്‍ താര ഉറങ്ങിയിരുന്ന കസേരയും ഉപയോഗിച്ചിരുന്ന കുടയും

വൈകി അറിഞ്ഞ ഈ സംഭവം യാഥാര്‍ത്ഥ്യമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് വാവ സുരേഷ് ഇടപെട്ടത്. ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന അവര്‍ക്ക് വേണ്ടി എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നുള്ള തോന്നല്‍ മനസ്സിനെ അലട്ടിയെന്ന് വാവാ സുരേഷ് പറയുന്നു.

പിന്നീടുള്ള ഓട്ടം അതിനു വേണ്ടിയായിരുന്നു. 2,35,000 രൂപയോളം ചിലവഴിച്ച് നിര്‍മിച്ച താരയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നാട്ടുകാരും വാവാ സുരേഷും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തി. വാവ സുരേഷിനു വീടു നിര്‍മ്മിക്കാന്‍ വൈസ് മെന്‍സ് ക്ലബ് നല്‍കിയ 1.5 ലക്ഷം രൂപയും മാന്നാര്‍ സ്വദേശി ഹരി നല്‍കിയ 20,000, ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശി അനന്ദു (ഉണ്ണി ) നല്‍കിയ 5000, ശ്രീകാര്യം ഗണപതി സ്‌റ്റോഴ്‌സില്‍ നിന്നും ലഭിച്ച 7,000, തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ നല്‍കിയ 1000 രൂപ എന്നിവ ഉള്‍പ്പെടുത്തി ബാക്കി തുക കണ്ടെത്തിയാണ് സുരേഷ് താരയ്ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയത്.

താരയ്ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയ വാര്‍ത്ത അറിഞ്ഞ് ഇത്തരത്തിലുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!