ജയത്തിനു മധുരമില്ലാതെ ലീഗ്, എസ്.ഡി.പി.ഐ കണ്ട് ഞെട്ടി പാര്‍ട്ടികള്‍, ബി.ജെ.പിക്ക് വോട്ടു വിവാദം

ജയത്തിനു മധുരമില്ലാതെ ലീഗ്, എസ്.ഡി.പി.ഐ കണ്ട് ഞെട്ടി പാര്‍ട്ടികള്‍, ബി.ജെ.പിക്ക് വോട്ടു വിവാദം

മലപ്പുറം: പടലപ്പിണക്കവും കോണ്‍ഗ്രസുകാരുമായുള്ള പോരും ലീഗിന് വിനയായി. വേങ്ങരയ്ക്കു നടുവിലൂടെ ജാഥ നടത്തിയിട്ടും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു. എല്ലാവരെയും ഞെട്ടിച്ച് വിവാദ വിഷയങ്ങള്‍ പ്രചരണായുധമാക്കിയ എസ്.ഡി.പി.ഐ വോട്ടു കൂട്ടി. രാഷ്ട്രീയ ലാഭം കൊയ്ത് സി.പി.എമ്മും വേങ്ങര നിറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ലീഗ് നേതാക്കളുടെ മുഖത്തു പോലും വിജയത്തിറക്കത്തിന് മങ്ങലാണ്. ഉറച്ച കോട്ടയില്‍ മാസങ്ങള്‍ക്കു മുമ്പ് കുഞ്ഞാലിക്കുട്ടി നേടിയ വോട്ടുകള്‍ കെ.എന്‍.എ ഖാദറിന്റെ പെട്ടിയില്‍ വീണില്ല. ലീഗ്- കോണ്‍ഗ്രസ് പോര് വേങ്ങരയിലെ പഞ്ചായത്തുകളില്‍ താഴെ തട്ടിലുണ്ട്. ഇതു പറഞ്ഞു തീര്‍ത്തെങ്കിലും പഞ്ചായത്തു തിരിച്ചുള്ള കണക്കുകളില്‍ ഭൂരിപക്ഷം കൂറഞ്ഞത് വ്യക്തം.
ഹാദിയ കേസ് അടക്കമുള്ള വിഷയങ്ങള്‍ എസ്.ഡി.പി.ഐ പ്രചരണത്തിന് ഉപയോഗിച്ചതും നേട്ടം കൊയ്തതും ഞെട്ടലോടെയാണ് മറ്റുള്ളവര്‍ നോക്കി കാണുന്നത്. ഇരുമുന്നണികളും ശക്തമായ പ്രചാരണമാണ് ബി.ജെ.പിക്കെതിരെ തുടക്കം മുതല്‍ നടത്തിയിരുന്നത്. എല്ലാത്തിനെയും പ്രതിരോധിക്കാനായി നടത്തിയ ജനരക്ഷാ യാത്ര പോലും ബി.ജെ.പിക്ക് വോട്ടായില്ല. നടത്തിയ പ്രചാരണത്തോട് യോജിക്കുന്ന വോട്ടല്ല താമരയില്‍ പതിഞ്ഞതെന്നത് വോട്ടുകച്ചവടത്തിന്റെ ആരോപണത്തില്‍ ബി.ജെ.പിയെ വീണ്ടും എത്തിക്കുകയും ചെയ്യുന്നു. ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.
സോളാര്‍ ബോംബ് പൊട്ടിച്ചിരുന്നില്ലെങ്കില്‍ ലീഗ് ഇത്രയും ഭൂരിപക്ഷം നേടാതെ ഒന്നു കൂടി പരുങ്ങുമായിരുന്നെന്ന് ചില ഇടത് നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു ശേഷം ലീഗ് ക്യാമ്പുകള്‍ ഉണര്‍ന്നതും കൂടുതല്‍ പേരെ ബൂത്തുകളിലെത്തിച്ചതും വാദത്തിന് തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാമിടയില്‍, ശക്തമായ മത്സരം നടത്താന്‍ സി.പി.എമ്മിനായി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!