നടവരവിന് കണക്കില്ല; ഭണ്ഡാരത്തില്‍ കൈയിട്ടുവാരാന്‍ അധികാരികളുടെ അനുമതി കൂടി, തിരുവിതാംകൂര്‍ ദേവസ്വത്തെ കാത്തിരിക്കുന്നത് കോടികളുടെ അധിക ബാധ്യത

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ പതിവിന് വിപണി വില അനുവദിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വിവാദത്തിലേക്ക്. വെട്ടിപ്പുകാരായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ കീശയിലേക്ക് ഇപ്പോഴെത്തുന്ന ചെറിയ തുകകള്‍ ഇനി പതിനയിരങ്ങളും ലക്ഷങ്ങളുമാകും. ബോര്‍ഡിനു പ്രതിമാസം കോടികളുടെ അധിക ബാധ്യതയ്ക്ക് വഴി തെളിക്കുന്ന തീരുമാനം നടപ്പാക്കാന്‍ പോകുന്നത് കാര്യമായ ചര്‍ച്ചകളോ പഠനങ്ങളോ ഇല്ലാതെ.

1200 റോളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. ഇവിയില്‍ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും വിശ്വാസികള്‍ സ്ഥിരമായി എത്തുന്നവയാണ്. അതിനാല്‍ തന്നെ, വിശ്വാസികളില്‍ നിന്ന് നടവരവായി ലഭിക്കുന്ന പൂജാദ്രവ്യങ്ങള്‍ ഉപയോഗിച്ചുമാത്രം ഇവിടങ്ങളിലെ ദൈനംദിന പൂജകള്‍ നടക്കുന്നു. പൂജാദ്രവ്യങ്ങളുടെ ലഭ്യതക്കുറവ് അനുഭവപ്പെട്ടാല്‍ അതൊഴിവാക്കാന്‍ ചെലവഴിക്കുന്നതിനായി ക്ഷേത്രങ്ങള്‍ക്ക് പണം (പതിവ്) അനുവദിച്ചിട്ടുണ്ട്.

വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍ക്കും മറ്റും കൃത്യമായ കണക്ക് സൂക്ഷിച്ച് മിച്ചം വരുന്നവ കണക്കില്‍പ്പെടുത്തി ഫലപ്രദമായി ഉപയോഗിക്കുന്ന രീതി ഒരു ക്ഷേത്രങ്ങളിലും പിന്തുടരുന്നില്ല. എന്നാല്‍ ശ്രീകണേ്ഠശ്വരം, വൈക്കം, ഏറ്റുമാനൂര്‍ പോലുള്ള വളരെ കുറച്ച് ക്ഷേtravancore-devaswam-boardത്രങ്ങളില്‍ എണ്ണയുടെ കാര്യത്തില്‍ കണക്ക് സൂക്ഷിക്കുന്നുണ്ട്. അധികമായി വരുന്ന എണ്ണ ദേവസ്വത്തിന്റെ മറ്റുക്ഷേത്രങ്ങള്‍ക്ക് ഇപ്പോള്‍തന്നെ നല്‍കുന്നുമുണ്ട്. ബഹുഭൂരിപക്ഷം ക്ഷേത്രത്തിലും ഈ മേഖല ഇപ്പോഴും കുത്തഴിഞ്ഞ നിലയിലാണ്. വിശ്വാസികള്‍ സമര്‍പ്പിക്കുന്നവയ്ക്ക് കണക്കില്ലാത്തതിനാല്‍, ബന്ധപ്പെട്ട അധികാരികള്‍ പതിവില്‍ നിന്ന് പരമാവധി പണം എഴുതി എടുക്കുന്നത് ഇതുവരെയും തടയപ്പെട്ടിട്ടില്ല. വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍ മറിച്ചു വില്‍ക്കപ്പെടുന്നതു സംബന്ധിച്ച ആരോപണങ്ങളും നേരത്തെ പല സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളതാണ്.

ഈ പണചോര്‍ച്ച പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്ന അധികാരികളും ബോര്‍ഡും ഇപ്പോള്‍ പതിവ് പണമുപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ക്ക് വിപണി വില അനുവദിക്കാന്‍ തീരുമാനിക്കുകയാണ്. ഓംബുഡ്മാനു ലഭിച്ച ഒരു പരാതിയില്‍ ദേവസ്വം കമ്മിഷണറോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ മറപിടിച്ച് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഓരോ ക്ഷേത്രത്തിലും എത്രമാത്രം സാധനങ്ങള്‍ വാങ്ങേണ്ടി വരുമെന്നോ, വിശ്വാസികള്‍ സമര്‍പ്പിക്കുന്നവ എത്രയെന്നോ യാതൊരു ധാരണയുമില്ലാതിരിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പണം അനുവദിക്കുന്നത് ബോര്‍ഡിന്റെ നിലനില്‍പ്പിനെ തന്നെ തകര്‍ക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സാമ്പത്തിക ബാധ്യത സംബന്ധിച്ച് യാതൊരു പഠനത്തിനും തയാറാകാതെയാണ് ചില കേന്ദ്രങ്ങളിലെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി. നിലവില്‍ പ്രതിവര്‍ഷം 2.25 കോടി രൂപ ഇത്തരത്തില്‍ ചെലവുണ്ടാകുന്ന ബോര്‍ഡിന് ഭാവിയില്‍ 100 കോടിയിലധികം രൂപ കണ്ടെത്തേണ്ടി വരും. നിലവിലെ രീതിയില്‍ ഇതിന്റ ബഹുഭൂരിഭാഗവും ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് ഒഴുകുമെന്ന് അറിഞ്ഞുകൊണ്ടുള്ള നടപടി ദുരൂഹമാണ്. പൂജാ സാധനങ്ങള്‍ക്കു വിപണി വില നിശ്ചയിച്ചശേഷം, സംസ്ഥാന അടിസ്ഥാനത്തില്‍ തന്നെ കരാര്‍ നല്‍കി കോടികള്‍ കമ്മിഷന്‍ തട്ടാനുള്ള ഒരു ബോര്‍ഡ് അംഗത്തിന്റെ ചരടുവലിയും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ബോര്‍ഡ് നീക്കത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!