മുഖങ്ങള്‍ മാറിയെന്നേയുള്ളൂ, ചിട്ടവട്ടങ്ങള്‍ക്കൊന്നും മാറ്റമില്ല

kerala secrateriateതിരുവനന്തപുരം: വകുപ്പുകള്‍ സുതാര്യമാക്കാനുള്ള മന്ത്രിമാരുടെ നീക്കത്തിന് തിരിച്ചടി. മന്ത്രിമാരുടെ ഓഫീസുകള്‍ തയാറാക്കിയ സുതാര്യമായ ലിസ്റ്റുകള്‍ അട്ടിമറിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വങ്ങളുടെ ‘ശിപാര്‍ശ’ പട്ടികകള്‍ എത്തി തുടങ്ങി.

സീനിയോറിട്ടിയും കഴിവും മറികടന്നുള്ള നിയമങ്ങള്‍ പുതിയ സര്‍ക്കാരിന്റെ കാലത്തും തുടരുമെന്നതിന്റെ സൂചനകളാണ് പല വകുപ്പുകളില്‍ നിന്നും പുറത്തുവരുന്നത്. ഭരണം തുടങ്ങിയ സമയത്ത്, ഇതിലെല്ലാം സുതാര്യത പാലിക്കുന്ന രീതിയില്‍ പട്ടികകള്‍ തയാറാക്കാന്‍ പല മന്ത്രിമാരുടെ ഓഫീസുകളിലും നടപടി തുടങ്ങിയതാണ്.

എന്നാല്‍, വകുപ്പു തലവന്‍മാരും മന്ത്രിമാരുടെ ഓഫീസുകളും തയാറാക്കിയ പട്ടികകള്‍ നോക്കു കുത്തിയായി തുടങ്ങിയെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. യൂണിയന്‍ നേതാക്കളും പാര്‍ട്ടി നേതാക്കളും അടങ്ങുന്ന സംഘം നിര്‍ദേശിക്കുന്നവര്‍ക്കു തന്നെയാണ് ഈ സര്‍ക്കാരിലും സൗകര്യപ്രദമായ നിയമനങ്ങ. പ്രാദേശിക നേതാക്കളെ സ്വാധീനിച്ച് രംഗത്തെത്തുന്നവര്‍ക്ക് നിയമനം നല്‍കേണ്ട നിലയിലാണ് പല മന്ത്രിമാരും. ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കാന്‍ വിവിധ വകുപ്പ് ആസ്ഥാനങ്ങളിലും ഉദ്യോഗസ്ഥ സഹായവുമുണ്ട്.

സബ് രജിസ്ട്രാര്‍ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റേത്തോടെയും അല്ലാതെയുമുള്ള സ്ഥലമാറ്റ ഉത്തരവുകള്‍ ഇതുവരെയും ഇറങ്ങാത്തത് ഇതിന് ഉദാഹരണമാണ്. ഏറ്റവും കൂടുതല്‍ തിരക്കുള്ള പട്ടം, കവടിയാര്‍ ഓഫീസുകളിലെ നിയമനത്തിനായി വന്‍ വടം വലിയാണ് അണിയറയില്‍ നടക്കുന്നത്. മറ്റു ചില സ്ഥലങ്ങളിലെ നിയമനം ശിപാര്‍ശ ചെയ്ത് ജില്ലാ നേതൃത്വങ്ങളുടെ സന്ദേശം മുകള്‍ തട്ടില്‍ എത്തിയതായിട്ടാണ് വിവരം.

ആരോഗ്യം, സഹകരണം തുടങ്ങിയ വകുപ്പുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇതിനിടെ, കരട് പട്ടികയില്‍ പരാതിക്കാര്‍ക്ക് അര്‍ഹിക്കുന്ന ഇളവ് നല്‍കി വ്യത്യസ്തമാവുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. സി.പി.ഐ അനുകൂലികളെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!