തച്ചുടയ്ക്കുന്നത് പ്രതിമകളെ മാത്രമല്ല; ജനാധിപത്യ സംസ്‌കാരങ്ങളെക്കൂടിയാണ്

തച്ചുടയ്ക്കുന്നത് പ്രതിമകളെ മാത്രമല്ല; ജനാധിപത്യ സംസ്‌കാരങ്ങളെക്കൂടിയാണ്

ത്രിപുരയിലെ ഇടത് പരാജയമാഘോഷിക്കുന്ന ബി.ജെ.പിയുടെ ‘പ്രതിമതകര്‍ക്കല്‍’ രാഷ്ട്രീയം പങ്കുവയ്ക്കുന്ന ആശങ്കകള്‍ വലുതാണ്. ചരിത്രത്തെ ഇല്ലായ്മചെയ്യുന്ന താലിബാനിസം തന്നെയാണ് ഹിന്ദുരാജ്യമെന്ന അജണ്ടപേറുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നടപ്പാക്കുന്നതും. നോക്കുകുത്തിയായി നില്‍ക്കുന്ന ഭരണകൂടവും തകര്‍ക്കപ്പെടുന്ന പ്രതിമകളെ കണ്ട് ആനന്ദിക്കുന്ന നേതാക്കന്മാരും ഇന്ത്യയുടെ സംസ്‌കാരത്തെത്തന്നെ വെല്ലുവിളിക്കുന്നതും. ത്രിപുരയില്‍ മണിക്‌സര്‍ക്കാര്‍ അധികാരമൊഴിഞ്ഞിരിക്കുന്നു. പുതിയ സര്‍ക്കാര്‍വരുംവരെ കാവലാകേണ്ട ചുമതലയുള്ള ഗവര്‍ണ്ണര്‍ തന്നെ ത്രിപുരയിലെ അക്രമങ്ങളെ ന്യായീകരിച്ച് നില്‍ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിനുതന്നെ നാണക്കേടാവുന്ന ഇത്തരം സംഭവങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് വ്യക്തം.

ബി.ജെ.പി. അധ്യക്ഷപദവി അലങ്കരിച്ചിരുന്നൊരാളാണ് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. അദ്ദേഹത്തിന് ഭരണഘടനാപരമായി താന്‍ വഹിക്കുന്ന പദവിയിലിരുന്ന് നിറവേറ്റേണ്ട ഉത്തരവാദിത്തമെന്തെന്ന് തിരിച്ചറിയാനായില്ലെന്നുവേണം കരുതാന്‍. ലെനിന്‍ വിദേശിയാണെന്നും ഭീകരനാണെന്നും പ്രതിമകള്‍ കമ്മ്യൂണിസ്റ്റുകാരുടെ ഓഫീസിനുള്ളിലിരുന്നാല്‍ മതിയെന്നും സുബ്രഹ്മണ്യം സ്വാമിയടക്കമുള്ള ബി.ജെ.പി. നേതാക്കളുടെ ആഹ്വാനവും മൗനം നടിക്കുന്ന കേന്ദ്രസര്‍ക്കാരും സ്ഥിതിഗതികള്‍ വഷളാക്കുന്നു.

ഇന്നു ലെനിനെങ്കില്‍ നാളെ ജാതി ഭ്രാന്തനായ പെരിയാറിന്റെ പ്രതിമതകര്‍ക്കുമെന്ന് ബി.ജെ.പി. ദേശീയസെക്രട്ടറി എച്ച്.രാജയുടെ വെല്ലുവിളി ഞെട്ടലോടെയാണ് ജനം കേട്ടത്. ഇന്നതും സംഭവിച്ചിരിക്കുന്നു. തമിഴ്‌നാട് തിരുപ്പട്ടൂര്‍ കോര്‍പറേഷന്‍ ഓഫീസിനുസമീപത്തെ പെരിയാറുടെ പ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നു. തിരിച്ചടിയെന്നോണം കൊല്‍ക്കത്തിലെ ജാധവ്പൂര്‍ സര്‍വകലാശാലാ പരിസരത്തെ, ഭാരതീയ ജനസംഘം നേതാവ് ശ്യമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരിയോയില്‍ വീണു, കണ്ണും മൂക്കും തകര്‍ക്കപ്പെട്ടു.

പ്രതിമകള്‍ തച്ചുടയ്ക്കപ്പെടുന്ന അവസ്ഥ സ്വന്തം സംസ്‌കാരത്തെക്കൂടി തച്ചുടയക്കുന്നതിന് തുല്യമാണ്. മൗനികളായി തുടരുന്ന ഭരണകൂടം അരാജകത്വത്തിന്റെ നാളുകളിലേക്ക് രാജ്യത്തെ നയിക്കും. പ്രതിഷേധിക്കേണ്ടത് പ്രതിമകളുടെ തലയെടുത്തല്ല. ജനം പ്രതികരിക്കേണ്ടത് ജനാധിപത്യരീതികളിലൂടെയാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അവരുടെ ധര്‍മ്മം ജനാധിപത്യരീതിയില്‍ നിര്‍വഹിക്കട്ടെ. ബാക്കികാര്യം പൊതുജനം നോക്കിക്കോളും. അടിയന്തരാവസ്ഥയുടെ ഭീതിപടര്‍ത്തി അധികാരക്കസേരയിലിരുന്നവരെ തൂത്തെറിഞ്ഞ ജനത്തിന് പണിയറിയാമെന്ന് കാലം തെളിയിക്കട്ടെ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!