സൗമ്യയോടുള്ള അനീതി തുടങ്ങിയത് എവിടെ ?

soumyaപ്രോസിക്യൂഷന്‍ വാദങ്ങളും വിചാരണ കോടതി, മേല്‍കോടതി വിധികളും അതേപടി സുപ്രീം കോടതി അംഗീകരിക്കണമെന്നു പറയുന്നത് അനീതിയാണ്. ആ അനീതി സൗമ്യയോടുള്ള അനീതിയായി മാറിയത് സുപ്രീം കോടതിയുടെ ചില ചോദ്യങ്ങള്‍ക്കു മുന്നില്‍ ബന്ധപ്പെട്ടവര്‍ക്കു ഉത്തരം മുട്ടിയപ്പോഴാണ്.

സുപ്രീം കോടതി ചെയ്തത് ഇതാണ്: വിചാരണക്കോടതി വിധിച്ചതില്‍, 302 -ാം വകുപ്പു പ്രകാരമുള്ള വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും റദ്ദാക്കി. പീഡനത്തിനുള്ള ജീവപര്യന്തം തടവ് നിലനിര്‍ത്തി. മോഷണത്തിനായി പരുക്കേല്‍പിച്ചതിനുള്ള ഏഴു വര്‍ഷം തടവും നിലനിര്‍ത്തി. കുറ്റകരമായ കടന്നുകയറ്റത്തിന് മൂന്നു മാസം തടവും നിലനിര്‍ത്തി. ഒപ്പം, മാരകമായി മുറിവേല്‍പിച്ചതിന് 325ാം വകുപ്പു പ്രകാരം ഏഴു വര്‍ഷം തടവുകൂടി വിധിച്ചു.

ഗോവിന്ദച്ചാമി 2014 ല്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതിക്കു മുന്നിലെ പ്രധാന ചോദ്യം ഇതായിരുന്നു. വധശിക്ഷ നല്‍കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ടോ ?

സൗമ്യ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെടുന്നതായി കണ്ടെന്നു പറഞ്ഞ, അപായച്ചങ്ങല വലിക്കുന്നതു തടഞ്ഞ, മധ്യവയസ്‌കനെ കണ്ടെത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന് 50 വയസുണ്ടെന്ന് വിചാരണക്കോടതി പറയുന്നുണ്ട്. അദ്ദേഹത്തില്‍നിന്നുള്ള കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്റെ രണ്ടു സാക്ഷികള്‍, സൗമ്യ എടുത്തുചാടിയെന്നു മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ പ്രോസിക്യൂഷന്‍ വാദിച്ചത് പ്രതി സൗമ്യയെ എടുത്തെറിഞ്ഞെന്നാണ്. ചാടിയതാണെന്ന് സാക്ഷിമൊഴിയുള്ളപ്പോള്‍തന്നെ, തള്ളിയിട്ടതോ എടുത്തെറിഞ്ഞതോ ആണെന്നു പ്രോസിക്യുഷന്‍ വാദിച്ചതിലാണ് കോടതി കുഴപ്പം കണ്ടത്. ചാടിയതാണെന്നു പ്രോസിക്യൂഷന്‍ സാക്ഷി മൊഴിയുള്ളപ്പോള്‍, ചാട്ടത്തിലല്ല, തള്ളിയിട്ടതാണെന്ന വിലയിരുത്തല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചപ്പോഴും അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്ന പ്രതിഭാഗവാദം വിചാരണക്കോടതി തള്ളികളഞ്ഞിരുന്നില്ല. പിഴവുള്ള അന്വേ ഷണത്തിന്റെ മാത്രം പേരില്‍ പ്രതിയെ വെറുതെ വിടാനാവില്ലെന്നും വിധിയുടെ 144-ാം ഖണ്ഡികയില്‍ വിചാരണകോടതി പറഞ്ഞു. സുപ്രീം കോടതിയില്‍ ഈ പൊരുത്തക്കേടുകളാണ് പ്രധാനമായി എടുത്തുകാട്ടപ്പെട്ടത്. എന്നാല്‍, ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചു, ൈലംഗികമായി പീഡിപ്പിച്ചു എന്നീ കണ്ടെത്തലുകള്‍ കോടതി ശരിവയ്ക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ കണ്ടെത്തലുകള്‍ ചെന്നവസാനിക്കുന്നതും അന്വേഷണത്തിലെ പോരായ്മകളിലേക്കാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!