വിമാനത്താവളം: വീണ്ടും ഏറ്റെടുക്കുന്നോ ? നഷ്ടപരിഹാരം നല്‍കുമോ ? ഉടമസ്ഥാവകാശം അംഗീകരിക്കാനോ നീക്കാ ?

കോട്ടയം: ബിലീവിയേഴ്‌സ് ചര്‍ച്ച് കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ശബരിമല വിമാനത്താവളം നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് പണം നല്‍കിയോ ? ഈ ഭൂമിയുടെ അവകാശ സര്‍ക്കാര്‍ സമ്മതിച്ചുകൊടുക്കുമോ ? വിമാനത്താവളം പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്ത് എത്തിയതിനു പിന്നല്‍ രാഷ്ടീയ ചരടുവലിയോ ?

ശബരിമല വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉചിതമായ സ്ഥലം ചെറുവള്ളി എസ്‌റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. ഇക്കാര്യം സര്‍ക്കാരും അംഗീകരിച്ചു. എന്നാല്‍, ഈ ഭൂമി ഏതു രീതിയില്‍ ഏറ്റെടുത്ത് വിമാനത്താവളം നിര്‍മ്മിക്കുമെന്നതു സംബന്ധിച്ച വ്യക്തത വരുത്തിയിട്ടില്ല. ഈ പുകമറ കഴിഞ്ഞ കുറേ മാസങ്ങളായി വിമാനത്താവളത്തിന്റെ മറവില്‍ നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണോയെന്ന സംശയമാണ് ഉയരുന്നത്.

ഭൂമി തിരിച്ചു പിടിക്കാനുള്ള സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ 2015 മേയ് 28ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. 1958ലെ ഭൂസംരക്ഷണ ചട്ടങ്ങള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതടക്കമുള്ള ഏറ്റെടുക്കലുകള്‍ക്കെതിരെ ഹാരിസണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നിലപാടിനായിരുന്നു ജയം. എന്നാല്‍, ട്രൈബ്യൂണല്‍ വിധികളുടെ പശ്ചാത്തലത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ റഫറന്‍സിന് കേസ് മാറ്റപ്പെട്ടു. ഇതിനു പുറമേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ക്രൈം ബ്രാഞ്ച് കേസുകളും ചെറുവള്ളി ഉള്‍പ്പെടെയുള്ള ഭൂമിയുടെ കാര്യത്തില്‍ നിലവിലുണ്ട്.

ഈ ഭൂമിക്കുള്ള ഇത്രയും കാലത്തെ ‘നോക്കു കൂലിയായോ’, കൈവശാവകാല കൂലിയായിട്ടോ എന്തിന്റെ പേരില്‍ പണം നല്‍കിയാലും അത് അംഗീകരിക്കപ്പെടില്ല. മാത്രവുമല്ല, അത്തരമൊരു നീക്കം അയ്യായിരത്തിലധികം വരുന്ന എസ്‌റ്റേറ്റ് ഭൂമിയുടെ അവശേഷിക്കുന്ന ഭൂമിയിലുള്ള ബിലിവിയേഴ്‌സ് ചര്‍ച്ചിന്റെ അവകാശം അംഗീകരിക്കലാകുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ തീരുമാനം ബിലീവിയേഴ്‌സ് ചര്‍ച്ച് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഭൂമി തിരികെ വിട്ടുകൊടുക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് അവരും വ്യക്തമാക്കിയിട്ടില്ല. നേരത്തെ പത്തനംതിട്ടയില്‍ വിമാനത്താവളത്തിനു ഭൂമി നോക്കിയിരുന്നവര്‍ അടക്കം പല രാഷ്ട്രീയ പ്രമുഖരും ബിലീവിയേഴ്‌സ് ചര്‍ച്ചിന് അനുകൂലമായ നിലപാടിലേക്ക് അടുത്തിടെ എത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരുടെയും പ്രവാസികളുടെയും പേരില്‍ വന്‍ ഭൂമി കച്ചവടത്തിനാണോ കളമൊരുങ്ങുന്നതെന്ന സംശയമാണ് ഈ മേഖലയിലുള്ളവര്‍ ഉയര്‍ത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!