വന്‍ മോഷണ സംഘങ്ങള്‍ കേരളത്തിലേക്ക് കടന്നോ ? കൊടും കുറ്റവാളികള്‍ക്കായി പോലീസ് തിരച്ചില്‍

വന്‍ മോഷണ സംഘങ്ങള്‍ കേരളത്തിലേക്ക് കടന്നോ ? കൊടും കുറ്റവാളികള്‍ക്കായി പോലീസ് തിരച്ചില്‍

കൊച്ചി: ഉത്തരേന്ത്യക്കാര്‍ അടങ്ങുന്ന വന്‍ മോഷ്ടാക്കളുടെ സംഘം കേരളത്തിലെത്തിയോ ? സംസ്ഥാനത്ത് അടുത്തിടെ നടന്ന വ്യത്യസ്ത ശൈലിയിലുള്ള മോഷണവും മോഷണത്തിനിടെ നടന്ന കൊലപാതകവും ഈ സംശയം ബലപ്പെടുത്തുന്നു. കോയമ്പത്തൂരില്‍ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പിടിയിലായവരും ഈ സംശയം ബലപ്പെടുത്തുന്നു.
അതിര്‍ത്തി  ജില്ലകളില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന കര്‍ശനമാക്കി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മൂന്നോളം മോഷണ ശ്രമങ്ങളും കാസര്‍കോട് ചീമേനിയിലെ മോഷണത്തിനൊപ്പം നടന്ന ഇരട്ട കൊലപാതകവും പുലര്‍ത്തുന്ന സമാനതകളാണ് അധികൃതരെ ഈ രീതിയില്‍ ചിന്തിപ്പിക്കുന്നത്. എ.ടി.എം കവര്‍ച്ചക്കാര്‍ക്കായി നടത്തിയ തെരച്ചിലില്‍ പിടിക്കപ്പെട്ട എട്ടു പേരില്‍ നിന്ന് മൂന്നു കാറുകളും ഒരു ലോറിയും കുടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്ക് അടക്കം കൈവശമുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവര്‍ വന്‍ കവര്‍ച്ചാ സംഘങ്ങളിലെ അംഗങ്ങളാണെന്ന് തമിഴ്‌നാട് പോലീസ് സ്ഥിരീകരിക്കുന്നു.
കൊച്ചിയിലെയും ചീമേനിയിലെയും മോഷ്ണ സംഘങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ടായിരുന്നു. കൊച്ചിയിലെ മോഷണ പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ദൃശ്യങ്ങളിലും അന്യസംസ്ഥാനക്കാരാണ്. 15ന് പുലര്‍ച്ചെ രണ്ടേകാല്‍ മുതല്‍ രണ്ടര വരെയുള്ള സമയത്ത് ഏരൂരിലെ സ്വകാര്യ സ്ഥാപത്തിന്റെ ക്യാമറയിലാണ് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തുന്ന ആദ്യ ആളിന്റെ ദൃശ്യം പതിഞ്ഞത്. പിന്നാലെ ആറോളം പേരും എത്തുന്നുണ്ട്. ഏഴംഗ സംഘം സി.സി.ടി.വി. ക്യാമറ തകര്‍ക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൂനൈ സംഘമാണിതെന്നാണ് പോലീസ് അനുമാനം.
കേരളത്തിലെത്തിയ സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി തമിഴ്‌നാട്ടില്‍ പിടിയിലായവരെ ചോദ്യം ചെയ്തു വരുകയാണ്. ദേശീയ പാതകളിലെയും ടോള്‍ പ്ലാസകളിലെയും ദൃശ്യങ്ങളും പരിശോധിക്കുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!