ജനറല്‍ സെക്രട്ടറിയും കാവല്‍ മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍… ജയയില്ലാത്ത എ.ഐ.എ.ഡി.എം.കെ എങ്ങനെയിരിക്കുമെന്ന് തമിഴകം കാണുന്നു

ചെന്നെ: ജയലളിത ഇല്ലാത്ത അണ്ണാ ഡി.എം.കെക്ക് എന്ത് സംഭവിക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളില്‍ ഏതൊക്കെ ശരിയെന്ന് തെളിഞ്ഞു തുടങ്ങുന്നു. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും നേര്‍ക്കുനേര്‍. തുറന്നപോരിനെ വീക്ഷിച്ച് ഡി.എം.കെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും. ചരിത്രം ആവര്‍ത്തിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഏവരും ഒറ്റു നോക്കുന്നു.

ജലലളിത മരിച്ചശേഷം താന്‍ ചെയ്ത ഓരോ കാര്യങ്ങളും നേരിട്ട കാര്യങ്ങളും അക്കമിട്ട് നിരത്തിയാണ് തികച്ചും നാടകീയമായി ഒ. പനീര്‍ശെല്‍വം ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇതുവരെയും അടിയന്തര ഘട്ടങ്ങളില്‍ മാത്രം അതും എഴുതി തയറാക്കിയ കുറിപ്പുകള്‍ മാത്രം വായിച്ചിരുന്ന പനീര്‍ ശെല്‍വം തമിഴ് ജനതയോട് സംസാരിക്കാന്‍ തെരഞ്ഞെടുത്തത് ജയലളിതയുടെ സമാധി സ്ഥലമെന്നതും ശ്രദ്ധേയം.

ജനസമ്മതിയുള്ളവര്‍ തലപ്പത്തെത്തണമെന്ന പനീര്‍ ശെല്‍വത്തിന്റെ പ്രഖ്യാപനത്തിനുശേഷം തമിഴ്‌നാട്ടിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ വന്നു തുടങ്ങി. പലയിടങ്ങളിലും പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ഒ.പി.ആറിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ശശികലയുടേത് കീറുകയും ചെയ്യുന്നത് ചിലയിടങ്ങളിലെങ്കിലും കാണാം.

അതേസമയം, ഒ.പി.ആറിനെ പുറത്താക്കി കൂടുതല്‍ വിമത ശബ്ദം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ശശികല. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ.പി.ആറിനെ രാത്രി തന്നെ നീക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും എം.എല്‍.എമാരുടെ പിന്തുണ തനിക്കൊപ്പമാണെന്ന് തെളിയിക്കാനും ശശികല വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗം രാവിലെ നടക്കും. പുറത്താക്കലിലെ അതിജീവിക്കണമെങ്കില്‍ ഒ.പി.ആറിന് 45 എം.എല്‍.എമാരെയെങ്കിലും ഒപ്പം നിര്‍ത്തേണ്ടി വരും. ഭരണത്തില്‍ തുടരണമെങ്കില്‍ ഡി.എം.കെയുടെ പിന്തുണ വേണം, അല്ലെങ്കില്‍ എ.ഐ.എ.ഡി.എം.കെയുടെ എല്ലാവും പിന്തുണയ്ക്കണം.

ബോധപൂര്‍വ്വം തമിഴ്‌നാട്ടില്‍ കയറാതെ മാറി നില്‍ക്കുന്ന ഗവര്‍ണര്‍ എത്തുന്നതോടെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും. കാരണം പന്ത് ഇപ്പോള്‍ ഗവര്‍ണറുടെ കോര്‍ട്ടിലാണ്. ഒ.പി.ആറിനോട് തുടരാന്‍ നിര്‍ദേശിക്കുമോ ?, ശശികലയ്ക്ക് അവസരം നല്‍കുമോ ? അതോ രാഷ്ട്രപതി ഭരണമാകുമോ അദ്ദേഹത്തിന്റെ മനസിലെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!