ആഡംബര മുറി സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു; കവാടത്തില്‍ കാത്തുനിന്ന് തന്നെ സ്വീകരിക്കരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍

VIGILANCE തിരുവനന്തപുരം: …, വിന്‍സെന്റ് എം. പോള്‍, ശങ്കര്‍ റെഡി വരെയുള്ള ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ആഡംബര മുറിയില്‍ ഇനി സന്ദര്‍ശകര്‍ വിശ്രമിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തുമ്പോള്‍ വിജിലന്‍സ് ആസ്ഥാനത്ത് സല്യൂട്ടും സ്വീകരണവുമായി  ആരും കാത്തു നില്‍ക്കില്ല….

പിണറായി സര്‍ക്കാര്‍ നിയോഗിച്ച പുതിയ മേധാവികള്‍, വിജിലന്‍സ് ആസ്ഥാനാത്തും പോലീസ് ആസ്ഥാനത്തും എല്ലാം ശരിയാക്കുകയാണ്. വിജിലന്‍സ് ആസ്ഥാനത്തെ കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് ഡി.ജി.പി ജേക്കബ് തോമസ് വിജിലന്‍സില്‍ ഭരണം തുടങ്ങിയിരിക്കുന്നത്.

വകുപ്പ് ആസ്ഥാനത്ത് മുന്‍കാല ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ആഡംബര മുറി ഉപയോഗിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസ് തയാറായില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് എ.ഡി.ജി.പിയായി വിജിലന്‍സില്‍ എത്തിയപ്പോള്‍ ഉപയോഗിച്ച മുറിയില്‍ തുടരാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. ആഡംബരങ്ങളൊന്നുമില്ലാത്ത ഈ മുറി, ജേക്കബ് തോമസ് മാറിപ്പോയശേഷവും ആരും ഉപയോഗിച്ചിരുന്നില്ല.

രണ്ടാം നിലയിലെ ആഡംബര മുറി, ആസ്ഥാനത്തെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള വിശ്രമമുറിയാക്കി മാറ്റിയിരിക്കയാണ്. ഓഫീസിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിച്ചപ്പോള്‍ നഷ്ടപ്പെട്ട സുരക്ഷയ്ക്കായി വിന്‍സന്റ് എം. പോളിന്റെ കാലം മുതല്‍ രാത്രികാലങ്ങളില്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ രണ്ടുപേരെയും വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് മാറ്റിയതായിട്ടാണ് അനൗദ്യോഗിക വിവരം.

ഡയറക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുമ്പോള്‍ കവാടത്തില്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്ന പതിവും കഴിഞ്ഞ ദിവസം അവസാനിച്ചു. ഉന്നത ഉദ്യോഗസ്ഥരെ കവാടത്തില്‍ കാത്തുനിന്ന് സ്വീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

വിജിലന്‍സില്‍ ആസ്ഥാനത്തുനിന്നു തന്നെ എല്ലാം ശരിയാക്കി തുടങ്ങിയപ്പോള്‍ പോലീസ് മേധാവിയായി ചുമതലയേറ്റ ലോക്‌നാഥ് ബഹ്‌റ ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുത്ത് നേരിട്ട് ഫീല്‍ഡില്‍ ഇറങ്ങി. ജിഷയുടെ വീടടക്കം നേരിട്ട് സന്ദര്‍ശിക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു. കേസില്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!