കോടതി വിധിയിലൂടെ വേഗത്തിലായ ഒഴിപ്പിക്കല്‍; മൂന്നാറിലെ രാഷ്ട്രീയക്കാര്‍ക്ക് ചുവപ്പുനാടയുടെ താല്‍ക്കാലിക ആശ്വാസം…

കോടതി വിധിയിലൂടെ വേഗത്തിലായ ഒഴിപ്പിക്കല്‍; മൂന്നാറിലെ രാഷ്ട്രീയക്കാര്‍ക്ക് ചുവപ്പുനാടയുടെ താല്‍ക്കാലിക ആശ്വാസം…

മൂന്നാര്‍: കോടതി വിധിയിലൂടെ വേഗത്തിലാക്കപ്പെട്ടത് തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്നാറില്‍ വൈകിപ്പിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥ ഒഴിപ്പിക്കല്‍. ഇടുക്കി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥാനചലനം അപ്രതീക്ഷിതമെന്നു തോന്നുമെങ്കിലും നടപ്പായത് മുന്‍കൂട്ടി രചിച്ച തിരക്കഥയാണ്.

കേരളത്തില്‍ വമ്പന്‍മാര്‍ കൈയടക്കിയിട്ടുള്ള ഭൂമിയില്‍ തൊട്ടാല്‍ തൊടുന്ന ഉദ്യോഗസ്ഥര്‍ തെറിക്കുന്നത് ആദ്യസംഭവമല്ല. ഇടുക്കിയിലെ കൈയേറ്റ ഫയലുകളില്‍ തൊട്ടപ്പോഴെല്ലാം തൊട്ട ഉദ്യോഗസ്ഥര്‍ക്ക് കൈ പൊള്ളിയിട്ടുമുണ്ട്. ഒന്നിനു പുറകേ ഒന്നായി ശ്രീറാം തുറന്ന ഫയലുകളെല്ലാം മൂന്നാറിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരുപോലെ തലവേദനയായി എന്നുള്ളത് കൈയേറ്റങ്ങളിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടിന്റെ കൂടി തെളിവാണ്.

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം, പാപ്പാത്തിച്ചോല ഭൂമി ഏറ്റെടുക്കല്‍, സര്‍ക്കാര്‍ ഭൂമിയിലെ ഹോം സ്‌റ്റേ പിടിച്ചെടുക്കല്‍… എല്ലാം തലവേദനയായി തുടങ്ങിയപ്പോഴേ സബ് കലക്ടര്‍ കസേരയെ മെരുക്കാനുള്ള നടപടി അണിയറയില്‍ തുടങ്ങിയതാണ്. ഭീഷണിപ്പെടുത്തിയും വിരട്ടിയുമൊക്കെയുള്ള പതിവ് രാഷ്ട്രീയ ശൈലികള്‍ വിലപോവാതെ വന്നതോടെയാണ് സ്ഥാനക്കയറ്റത്തിന്റെ പുതിയ തന്ത്രം പ്രാവര്‍ത്തികമാക്കിയത്.

മൂന്നാറിലൂടെയും മറ്റുചില വിഷയങ്ങളിലൂടെയും കൈവശമുള്ള വകുപ്പുകളുടെ ബലത്തില്‍ എം.എന്‍. സ്മാരകത്തിന്റെ പ്രസക്തി നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ ഇടുക്കി ഘടകം പോലും കാര്യമായ പിന്തുണ നല്‍കിയില്ല. ഇടുക്കി സര്‍വകക്ഷി സംഘത്തിന്റെ തീരുമാനത്തിനു സമ്മര്‍ദ്ദത്തിനു മുകളിലും സബ് കലക്ടറെ തല്‍ക്കാലം മാറ്റില്ലെന്ന ഉറപ്പ് രാഷ്ട്രീയമായി സി.പി.ഐ നേടിയെടുത്തിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് റവന്യൂ മന്ത്രി വിട്ടുനിന്ന് അക്കാര്യം ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥ നിലപാടിന് ഹൈക്കോടതി പിന്തുണ ലഭിച്ചതോടെ വെട്ടിലായത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും അവരുടെ നിലപാടുകളുമാണ്.

ഇതോടെ, ഭൂമാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് അടുത്തിടെ സ്ഥാനം നഷ്ടപ്പെട്ട രണ്ടാമത്തെ സബ് കലക്ടറായി ശ്രീറാം. ആദ്യം കസേര പോയ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ അഥീല അബ്ദുള്ള ഇപ്പോള്‍ തലസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ മേധാവിയാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ യുവ ഐ.എ്.എസുകാര്‍ തയാറാകാതിരിക്കുന്നത് പ്രതീക്ഷ നല്‍കുതുമാണ്. സബ് കലക്ടര്‍ മാറുന്നതോടെ കൈയേറ്റ മൊഴിപ്പിക്കല്‍ കുറച്ചുകാലത്തേക്കു കൂടിയെങ്കിലും ചുവപ്പുനാടയിലാക്കാമെന്ന ആശ്വാസത്തിലാണ് മൂന്നാറിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍. റവന്യു വകുപ്പിന് എത്രമാത്രം മുന്നോട്ടുപോകാനാകുമെന്നത് കാത്തിരുന്നു കാണേണ്ടതുമാണ്.

 

.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!