അമിത്ഷാ കണ്ണുരുട്ടുന്നു…സംസ്ഥാന ഘടകം കേന്ദ്രത്തിനും തലവേദനയായി, കോഴയില്‍ നടപടിക്കു നിര്‍ദേശം

തിരുവനന്തപുരം: മെഡിക്കല്‍ കോളജിനു കോഴ വിവാദത്തില്‍ വെട്ടിലായി ബി.ജെ.പി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭയ്ക്കു നേരെയുള്ള ആദ്യ അഴിമതി ആരോപണമായി മാറിയപ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ വന്‍ പൊട്ടിത്തെറിക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി ലഭിക്കുന്നതിനു 5.6 ആറു കോടി രൂപ പാര്‍ട്ടിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദ് കൈപ്പറ്റിയിട്ടുണ്ടെന്നാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. ഇതിനെ ദേശീയ സ്വാഭവത്തോടെയാണ് പ്രതിപക്ഷം ലോക്‌സഭയില്‍ എത്തിച്ചത്. പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭാ നടപടികള്‍ തടസപ്പെട്ടപ്പോള്‍, കേന്ദ്രമന്ത്രിസഭയ്‌ക്കെതിരായ ആദ്യ അഴിമതി ആരോപണമായി വിഷയം മാറുകയാണ്. കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് റിപ്പോര്‍ട്ട്് ആവശ്യപ്പെടുക മാത്രമല്ല, ശക്തമായ അമര്‍ഷം അറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനോട് ആര്‍.എസ്.എസിനും ശക്തമായ അമര്‍ഷമുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനു മാത്രം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നത് പാര്‍ട്ടി ആസ്ഥാനത്തുനിന്നു തന്നെയാണ് പ്രാഥമിക കണ്ടെത്തല്‍. റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം, അധ്യക്ഷ പദം ലക്ഷ്യമിട്ടിരുന്ന എം.ടി. രമേശിനെ ഒതുക്കാനുള്ള ആയുധമായി ഒരു വിഭാഗം ഉപയോഗിച്ചു തുടങ്ങി. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്നതായി സംശയിക്കുന്ന ക്യാമ്പ്, കുമ്മനത്തെ മാത്രമല്ല കൃഷ്ണദാസ് പക്ഷത്തെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. അഴിമതിക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിനൊപ്പം റിപ്പോര്‍ട്ട് പുറത്തുവന്നതിലും അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ തലത്തില്‍വരെ തലവേദന സൃഷ്ടിച്ച റിപ്പോര്‍ട്ടില്‍ മുഖം രക്ഷിക്കല്‍ നടപടികള്‍ നേതാക്കള്‍ ആലോചിച്ചു തുടങ്ങി. ഗ്രൂപ്പ് പൊട്ടിതെറി ഒഴിവാക്കി, കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കേന്ദ്ര നേതാക്കളും ഇടപെട്ടു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം ചേരുന്ന സംസ്ഥാന ഭാരവാഹി, കോര്‍ കമ്മിറ്റി യോഗങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!