ഏറ്റുമുട്ടിയതോ വെടിവച്ചുകൊന്നതോ ? മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ പോലീസ് വാദങ്ങളും നടപടികളും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു

nilambur-maoist-4ഏറ്റുമുട്ടലോ വെടിവച്ചുകൊല്ലലോ ? നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് മാവോവാദികള്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടത് ഉയര്‍ത്തുന്നത് വലിയ ദുരൂഹതകള്‍. വെടിയൊച്ച നിലച്ച് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ വ്യാജ ഏറ്റമുട്ടല്‍ വിവാദം തലപ്പൊക്കി. പോലീസ് അധികൃതര്‍ ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ച രണ്ടു ദിവസം കഴിഞ്ഞിട്ടും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതുതന്നെയാണ് എതിര്‍ വാദങ്ങള്‍ക്ക് ശക്തികൂട്ടുന്നത്.

മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് (കുപ്പുസ്വാമി), അജിത എന്നിവര്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. മാധ്യമപ്രവര്‍ത്തകരെയും തമിഴ്‌നാട്, കാര്‍ണാടക പോലീസിനെയും വനത്തില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടെന്നാണ് തലസ്ഥാനത്ത് ഡി.ജി.പി മാധ്യമങ്ങളെ ധരിപ്പിച്ചത്. എന്നാല്‍, സംഭവസ്ഥലത്ത് തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത് കുമാര്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കിയത്. ഗുരുതരമായി പരുക്കേറ്റുവെന്ന് ദൗത്യത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ മൂന്നാമത്തെയാളെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കോടതിയെ സമീപിക്കുമെന്ന് ഗ്രോ വാസു അടക്കമുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, പോലീസ് നടപടിയെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത് വിഷയത്തിന് രാഷ്ട്രീയ മുഖവും നല്‍കി. പോസ്റ്റ്‌മോര്‍ട്ട്ം നടക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിക്കു മുന്നില്‍ മനുഷ്യവകാശ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!