കര്‍ക്കശക്കാരനായ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തരവും കൈയ്യില്വച്ചപ്പോള് കൈയ്യടിച്ചവരാണ് അദ്ദേഹത്തിന്റെ ആരാധകരും പൊതുജനവും. പിണറായിയുടെ കര്‍ക്കശ ശബ്ദത്തിനു മുന്നില്‍ പോലീസുകരെല്ലാം തന്നിഷ്ടവും കൈത്തരിപ്പുമെല്ലാം കുറച്ചുകാലത്തേക്കെങ്കിലും മാറ്റിവച്ച് മര്യാദാരാമന്മാരാകുമല്ലോ എന്നു വിശ്വസിച്ചു. ഇരട്ടച്ചങ്കനെന്നൊക്കെ ഒരോളത്തിന് പറയുന്നതാണെന്നു പിടികിട്ടിയ മട്ടിലാണ് ഇന്ന് കേരളാ പോലീസിന്റെ പോക്ക്.
അമ്മയെ തല്ലുന്ന പോലീസ്, കസ്റ്റഡിയിലെടുത്ത പ്രതികളെ ഇഞ്ചപ്പരുവമാക്കി കൊല്ലുന്ന പോലീസ്, നിറമില്ലാത്തവനെ മുടിവളര്‍ത്തിയതിന്റെ പേരില്‍ ഇടിച്ചുവാരിയെല്ലൊടിച്ചു കൊല്ലുന്ന പോലീസ്, ഗര്‍ഭിണിയടക്കമുള്ള സ്കൂട്ടര്‍ യാത്രക്കാരെ ചവിട്ടി വീഴ്ത്തുന്ന പോലീസ്, തെറിയഭിഷേകം നടത്തുന്നത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പോലീസ്…. നല്ലനടപ്പിന്റെ ബോധവത്ക്കരണ ക്ലാസുകൊണ്ടൊന്നും പോലീസിന്റെ മുഖം നന്നാക്കാന്‍ സാധിക്കില്ലെന്ന് ജനം പറയുന്നു. പിണറായിയുടെ കൈപ്പിടിയിലൊതുങ്ങാത്ത പോലീസ് എന്ന് എതിരാളികള്‍ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ പോലീസാണെന്ന് മറുവാദം പറയുന്ന സഖാക്കളെ കാണുമ്പോള്‍ എന്തുപറയാനാണ്?
ആഭ്യന്തരം കിട്ടാത്ത മുഖ്യനായിരുന്നു വി.എസ്. അച്യുതാനന്ദന്. എന്നിട്ടും പോലീസുകാര്‍ അക്കാലത്ത് ഇത്രയും വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടില്ല. എന്തിന്, തിരുവഞ്ചൂരിന്റെയും ചെന്നിത്തലയുടെയും കാലത്തുപോലും പൊതുജനത്തിന്റെ മെക്കിട്ടുകയറാന്‍ പോലീസ് ധൈര്യപ്പെട്ടിരുന്നില്ല. കഠോരഹൃദയനായ, കണിശക്കാരനായ പിണറായി വിജയനാണ് ആഭ്യന്തരം ഭരിക്കുന്നെതന്ന് വിശ്വസിക്കാന്‍ പ്രയാസം. ഊരിപ്പിടിച്ച കത്തിക്കുനടുവിലൂടെ നിര്‍ഭയനായി നടന്ന പിണറായി വിജയന് തന്നെ നാണക്കേടാണ് സര്, ഈ പോലീസ് ഭരണം. ഭരണംമാറി രണ്ടുവര്‍ഷം തികയാറായിട്ടും പോലീസിന് ആഭ്യന്തരം ഭരിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് തോന്നുന്നൂവെങ്കില്‍ കുറ്റം ആരുടേതാണ്?