സിനിമാക്കാരെ തൊട്ടവരെ വെട്ടിനിരത്തി, ഭൂമി കുടുംബത്തില്‍ ഭാഗംവച്ചാലും പൊള്ളും, പെന്‍ഷനു വേണ്ട 6000 കോടിയില്‍ എത്ര കുറയ്ക്കാനാകുമെന്ന് കണക്കുകൂട്ടി ഐസക്

സിനിമാക്കാരെ തൊട്ടവരെ വെട്ടിനിരത്തി, ഭൂമി കുടുംബത്തില്‍ ഭാഗംവച്ചാലും പൊള്ളും, പെന്‍ഷനു വേണ്ട 6000 കോടിയില്‍ എത്ര കുറയ്ക്കാനാകുമെന്ന് കണക്കുകൂട്ടി ഐസക്

അമലാ പോളിനെയും സുരേഷ് ഗോപിയെയും ഫഹദ് ഫാസിലിനെയും തൊട്ടവരുടെ കൈ ‘വെട്ടിനിരത്തി’. ഭൂമിയില്‍ കൈവച്ചപ്പോള്‍ സാധാരണക്കാരന് പൊള്ളുമെന്ന് ഉറപ്പായി. മദ്യപിച്ചശേഷം വഴിയില്‍ കളയാതിരിക്കാന്‍ അവരുടെ പോക്കറ്റിലുള്ളതു വാങ്ങി ഖജനാവില്‍ സൂക്ഷിക്കുന്നതിനെ ആരും കുറ്റംപറഞ്ഞേക്കില്ല. എന്നാല്‍, സാമൂഹ്യ പെന്‍ഷന്‍ കൈപ്പറ്റുന്ന കള്ളനാണയങ്ങളെ കണ്ടെത്താന്‍ ധനമന്ത്രി ഇറങ്ങുമ്പോള്‍ എന്തുസംഭവിക്കുമെന്ന് വഴിയേ അറിയാം.

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും ക്രൈം ബ്രാഞ്ചും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയിരുന്നു. 23,000 ആഡംബര കാറുകളാണ് ഇത്തരത്തിലുള്ളതെന്നാണ് കണക്ക്. ബി.ജെ.പി എം.പി സുരേഷ് ഗോപി, അമലാ പോള്‍ തുടങ്ങിയവര്‍ ജാമ്യം അടക്കം നേടിയതിനു പിന്നാലെയാണ് ധനമന്ത്രി വക ട്വിസ്റ്റ്. വ്യാജ രേഖ ചമത്ത് നികുതി വെട്ടിച്ചുവെന്നതടക്കമുളള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കോടതിക്കു മുന്നില്‍ എത്തിയ കേസുകള്‍ എഴുതി തള്ളുക എളുപ്പമാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാരിന് ഇതിനു കഴിയുമെന്ന വിശ്വാസത്തിലാണ് 100 കോടിയുടെ അധിക സമാഹരണം ഐസക് ബജറ്റില്‍ ലക്ഷ്യമിടുന്നത്.

ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിച്ചതിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ വലിയ നേട്ടമുണ്ടാകുമോ ? ഉണ്ടാകുമെന്ന സര്‍ക്കാര്‍ കണക്കു കൂട്ടല്‍ തെറ്റുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. കുടുംബങ്ങള്‍ തമ്മിലെ ഭൂമി ഇടപാടിലെ നിരക്കു വര്‍ദ്ധന സാധാരണക്കാരെ ശരിക്കും ബാധിക്കും. ജി.എസ്.ടി, നോട്ടു നിരോധനം എന്നിവ തിരിച്ചടിയായി തുടരുന്ന റീയല്‍ എസ്‌റ്റേ്റ്റ് മേഖലയ്ക്ക് ഇതുകൂടിയാകുന്നതോടെ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പാണ്.

എന്നാല്‍, സാമൂഹ്യ പെന്‍ഷനുകളില്‍ ധനമന്ത്രി കൈവച്ചിരിക്കുന്നത് കൃത്യമായ കണക്കുകൂട്ടലോടു കൂടിതന്നെയാണെന്ന് വ്യക്തം. ഉപഭോക്താക്കളെ കണ്ടെത്താന്‍ പുതുതായി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കൂടി ചേര്‍ത്ത് പരിഗണിച്ചാല്‍, നിലവിലെ 50 ലക്ഷത്തോളം പേരില്‍ വലിയ കുറവ് ഉറപ്പാണ്. കര്‍ശനമായ പരിശോധനയുണ്ടായാല്‍, ഇതു 30 ലക്ഷത്തിലും താഴേക്കു പോയേക്കാം. കാരണം, പിന്നാക്ക മേഖലകളില്‍ ഈ പദ്ധതിയില്‍ അംഗങ്ങളായ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം തന്നെ രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമി ലഭിച്ചിട്ടുണ്ട്. ഓരോ നിബന്ധനകളും നിരവധി പേരെ ഒഴിവാക്കുമെന്ന് വ്യക്തം. പ്രതിവര്‍ഷം നീക്കിവയ്ക്കുന്ന 6000 കോടിയില്‍ വലിയൊരു തുക മിച്ചം വരുമെന്നുറപ്പ്. ഇത്തരമൊരു നീക്കം താഴെ തട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!