സച്ചിന്‍ വാങ്ങിയ വില്ലയുടെ ബ്രോക്കര്‍ ആര് ? തീഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായി വാങ്ങിയ ഭൂമി എവിടൊക്കെ ?

sachin kochi villaകൊച്ചി: ക്രിക്കറ്റ് താരം കൊച്ചിയില്‍ വാങ്ങിയ വിലയുടെ ഇടപാട് നടത്തിയ ബ്രോക്കര്‍ ആര് ? തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നതിനു മുമ്പ് കൊച്ചിയില്‍ ഒരു വിവാദ വ്യവസായിയുടെ ഹോട്ടലില്‍ രഹസ്യമായി താമസിച്ച വന്‍കിട ബിസിനസുകാരന്‍ നടത്തിയ ഭൂമി ഇടപാടുകളുടെ ഇടനില ആര്?…

ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതോടെ കൊച്ചിയില്‍ നിന്ന് ഉയരുന്ന ഞെട്ടിക്കുന്ന കഥകള്‍ നിരവധിയാണ്. അടുത്തകാലത്ത് നടന്നിട്ടുള്ള വന്‍കിട ഭൂമി ഇടപാടുകളുടെ ഒരു വലിയ വിഭാഗവും കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നത് അന്ന് മന്ത്രിയായിരുന്ന കെ. ബാബുവുമായി അടുത്ത കേന്ദ്രങ്ങളാണത്രേ. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിശദമായ അന്വേഷണം വിജിലന്‍സ് ആരംഭിച്ചതായിട്ടാണ് സൂചന.

കൊച്ചിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വാങ്ങിയ വില്ലയുടെ ഇടപാട് നടത്തിയത് കെ. ബാബുവിന്റെ ബിനാമി ബാബുറാമാണെന്ന് ആരോപണം. പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ല പണിയാന്‍ പ്രൈം മെറീഡിയന്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന് ഭൂമി തരപ്പെടുത്തി നല്‍കിയതും ഇയാളായിരുന്നു. എന്നാല്‍, പ്രൈം മെറീഡിയന്‍ അംബാസഡര്‍കൂടിയായ സച്ചിന് വില്ല നേരിട്ട് നല്‍കിയതാണെന്നും ഒരു വിഭാഗം വാദിക്കുന്നു.

ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന ഒരു വന്‍കിട വ്യവസായി പിടിയിലാകുന്നതിന് മുമ്പ് കൊച്ചിയിലെത്തി ഒരു മാസത്തോളം താമസിച്ചിരുന്നു. വിവാദ പ്രവാസി വ്യവസായിയുടെ ഹോട്ടലിലായിരുന്നു താമസം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തി ഭൂമികള്‍ കണ്ടു. വിവാദ വ്യവസായിയുടെ അടുത്ത ബന്ധു അടക്കം പങ്കാളിയായ ഈ ഇടപാടുകള്‍ പലതും നടത്തിയത് ബാബുവുമായി അടുത്ത കേന്ദ്രങ്ങളാണെന്നാണ് സൂചന. നിയമങ്ങള്‍ എല്ലാം കാറ്റില്‍പറത്തി മരടില്‍ ഉയര്‍ന്ന പഞ്ചനക്ഷത്ര ഹോട്ടലിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതും ബാബുവിന്റെ സംഘാംഗങ്ങളാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഇടപാടുകളുടെ ഏതാണ്ട് നൂറോളം രേഖകള്‍ വിജിലന്‍സ് ഉദ്യേഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്. ബാബുറാമിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത നാല്‍പ്പതോളം രേഖകള്‍ വന്‍കിട ഇടപാടുകളിലേക്ക് വെളിച്ചം വീശുന്നവയാണെന്നാണ് സൂചന. ബാബു രണ്ടാം തവണ എം.എല്‍.എ ആയതിനുശേഷമാണ് വന്‍തോതില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളത്. ആദ്യം പൂട്ടുകയും പിന്നെ തുറക്കുകയും ചെയ്ത റോയല്‍ കൗണ്ടി ബാര്‍ അടക്കം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പങ്കു പറ്റല്‍ ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയരുന്നത്.

വിദേശത്തുള്ള ഭാര്യയുടെ ബന്ധുവിന്റെ പണമാണ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ബാബുവുമായി ബന്ധമില്ലെന്നുമാണ് ബാബുറാം വിജിലന്‍സിനോട് പറഞ്ഞിട്ടുള്ളത്. പിടിച്ചെടുത്ത രേഖകള്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിന് ആവശ്യമുള്ളവ കസ്റ്റഡിയില്‍ വാങ്ങും. രേഖകളുടെ പരിശോധനയും ചോദ്യം ചെയ്യലും തുടര്‍ വിവര ശേഖരണവും ഉടനെ ആരംഭിക്കും. ബാബുവിന്റെ ബിനാമികളായ രണ്ടു പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാബുവിന്റെയും മകളുടെയും പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളും മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളുമാണ് മരവിപ്പിച്ചത്. എസ്ബിടി തൃപ്പൂണിത്തുറ ശാഖയില്‍ ബാബുവിന് നാല് അക്കൗണ്ടുകളും മകളുടെ പേരില്‍ ഇവിടെ ഒരു അക്കൗണ്ടുമുണ്ട്. ഇത് മരവിപ്പിക്കാന്‍ ശനിയാഴ്ച തന്നെ ബാങ്ക് അധികൃതര്‍ക്ക് കത്തു നല്‍കി. കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും ബാബുവിനും ബന്ധുക്കള്‍ക്കും ഉള്ളതായി വിജിലന്‍സ് കരുതുന്നു. ഇവ മരവിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!