ഇല്ലാത്ത സ്റ്റാമ്പ്, മാഗസിന്‍… സ്‌കൂളുകളില്‍ വന്‍ പിരിവ്, കണ്ണടച്ച് ഇരുട്ടാക്കി അധികാരികള്‍

school studentsതിരുവനന്തപുരം: തലസ്ഥാന നഗരാതിര്‍ത്തിയിലെ ഒരു സ്‌കൂള്‍. ഇവിടത്തെ പി.ടി.എ കഴിഞ്ഞ വര്‍ഷം കുട്ടികളില്‍ നിന്ന് പിരിച്ചത് 350 രൂപ വീതം. സ്റ്റാമ്പ്, സ്‌കൂള്‍ മാഗസില്‍ തുടങ്ങി പല ആവശ്യങ്ങള്‍ നിരത്തിയായിരുന്നു നടപടി. ഇക്കുറി ആവശ്യപ്പെട്ടിരിക്കുന്നത് 500 രൂപയാണ്. ആവശ്യങ്ങള്‍ പഴയതു തന്നെ… കഴിഞ്ഞ വര്‍ഷം പണം നല്‍കിയ കുട്ടികളില്‍ നിന്ന് സ്റ്റാമ്പ് വന്നപ്പോള്‍ വീണ്ടും നിര്‍ബന്ധിതമായി പണം വാങ്ങി. മാഗസിനാകട്ടെ, നല്‍കിയതുമില്ല.

രസീതുപോലും നല്‍കാതെയുള്ള പിരിവ് ആവര്‍ത്തിക്കുന്ന പി.ടി.എ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മറുപടിയാണ് വിചിത്രം. മാഗസില്‍ ഒരെണ്ണം തയാറാക്കി സ്‌കൂള്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടത്രേ. ഇക്കുറി രസീത് കിട്ടിയാലേ പണം നല്‍കൂവെന്നാണ് വലിയൊരു വിഭാഗം രക്ഷിതാക്കളെടുത്തിരിക്കുന്ന നിലപാട്. ഇത് ഇൗ സ്‌കൂളിലെ മാത്രം സ്ഥിതിയല്ല. രസീത് നല്‍കിയും ഇല്ലാതെയും സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് വന്‍ തുകയാണ് ഓരോ വര്‍ഷവും പിരിക്കുന്നത്. സംസ്ഥാനമൊട്ടുക്കും ഈ രിതി തുടരുന്നുവെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

സര്‍ക്കാരിന്റെ വിലക്കിന് പുല്ലുവില നല്‍കികൊണ്ടാണ് നടപടി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്ലാ ഫീസും ചേര്‍ത്ത് പരമാവധി വാങ്ങാവുന്ന ഫീസാണ് 500 രൂപ. ഇതിനു പുറമേയാണ് ഈ പകല്‍ കൊള്ള നടക്കുന്നത്. ഇത്തരം നടപടികള്‍ പിടിക്കാന്‍ രൂപീകരിച്ചിരുന്ന സ്‌ക്വാഡുകളെ കാണാനില്ല. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമായി ചുരക്കം ചില സ്ഥലങ്ങളിലേക്ക് ചുരുങ്ങിയതായിട്ടാണ് വിവരം. പ്ലസ് വണ്‍ പ്രവേശത്തിന്റെ മറവിലും വന്‍ പണപ്പിരിവാണ് നടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!