വിജിലന്‍സ് അന്വേഷണത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം; സി.പി.എമ്മിന്റെ പല കമ്മിറ്റികളും പുന:സംഘടിപ്പിക്കേണ്ടി വരും

CPI-Mതിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജനെതിരെ അനേ്വഷണത്തിനു സാധ്യത. ഇതുസംബന്ധിച്ച് വിജിലന്‍സ് തീരുമാനം രണ്ടു ദിവസത്തിനകം. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, മന്ത്രിസ്ഥാനത്തു നിന്നും ജയരാജന്‍ മാറി നില്‍ക്കണമെന്ന പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുള്ള ആവശ്യത്തിനു ശക്തി കൂടും.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. നടപടികള്‍ കീഴ്ഘടകങ്ങളില്‍, സംസ്ഥാന നേതാക്കള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും ആലോചനയുണ്ട്. അതിനിടെ, കൂടുതല്‍ നിയമനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുകയാണ്. ബന്ധു നിയമന വിവാദത്തില്‍ പരസ്യപ്രതികരണത്തിനു തയാറായ എം.എം. ലോറന്‍സിന്റെ മകന്‍ രണ്ടാം തവണയും പ്ലീഡറായി. പല പ്രമുഖ നേതാക്കളുടെയും ബന്ധുക്കളും പല തസ്തികകളിലും എത്തിയത് ചര്‍ച്ചയായിട്ടുണ്ട്.

പാര്‍ട്ടിയുടെ പല ഘടകങ്ങളിലും സ്ഥാനങ്ങള്‍ വെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ടത്. സെക്രട്ടേറിയറ്റിലെ പല പ്രമുഖ നേതാക്കളും ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരായി. അല്ലെങ്കില്‍ ആയിക്കൊണ്ടിരിക്കുന്നു. ഇരട്ടപദവി ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കെതിരെ പരാതി ഉയര്‍ന്നു തുടങ്ങി.

ജില്ലകളിലെയും സ്ഥിതി വ്യത്യസ്തമല്ല. എറണാകുളത്തേക്കു വന്നാല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി. മോഹനന്‍ ടെല്‍ക്കിന്റെ ചെയര്‍മാനായി. ഇദ്ദേഹത്തിന്റെ ഭാര്യ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകയാകുമെന്നാണ് സൂചന. ജില്ലാ കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന്റെ ബന്ധുവിന്റെ നിയമനവും ചര്‍ച്ചയാവുകയാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എസ്. അരുണ്‍കുമാറിന്റെ ഭാര്യ സര്‍ക്കാര്‍ അഭിഭാഷകയായത് അടക്കമുള്ള ചര്‍ച്ചകള്‍ ജില്ലയില്‍ സജീവമായി. മറ്റു ജില്ലകളിലും സ്ഥിതി ഇതുതന്നെയാണ്. ഇരട്ട പദവി വിവാദം മറികടക്കണമെങ്കില്‍ മിക്ക ഘടകങ്ങളിലും പുന:സംഘടന ആവശ്യമായി വരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!