ദിലീപിന്റെ അറസ്റ്റ് ‘ഓക്കെ’, റീയല്‍ എസ്‌റ്റേറ്റിലും കള്ളപ്പണത്തിലുമൊന്നും തൊടരുതെന്ന് സിനിമാ ലോകം

കൊച്ചി: റീയല്‍ എസ്‌റ്റേ്റ്റ് ഇടപാടുകള്‍, കള്ളപ്പണം… നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസും പിന്നാലെ മറ്റ് ഏജന്‍സികളും ഇത്തരം കാര്യങ്ങള്‍ അന്വേഷിച്ചു തുടങ്ങിയതോടെ സിനിമാ രാജാക്കന്മാര്‍ ഞെട്ടലിലാണ്.

ദിലീപിന്റെ അറസ്റ്റിനു പിന്നാലെ തന്നെ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് കടക്കാതിരിക്കാന്‍ വലിയൊരു വിഭാഗം ശ്രമം തുടങ്ങിയിരുന്നു. കൂട്ടായി നടത്തിയ റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും പള്‍സര്‍ സുനിമാരുമായുള്ള അടുപ്പങ്ങളും തങ്ങളെയും കുടുക്കുമോയെന്ന ഭീതിയിലാണ് പല പ്രമുഖരും. ദിലീപിന്റെ അറസ്റ്റിനു പിന്നാലെ കൊച്ചിയില്‍ കണ്ടുമുട്ടിയ അണിയറ പ്രവര്‍ത്തകരിലെ പ്രമുഖര്‍ പങ്കുവച്ച ആശങ്കയും ആലോചിച്ച കൂട്ടായ നീക്കവും ഈ വിഷയത്തിലാണ്.

സിനിമാ മേഖലയിലുള്ള മിക്ക പ്രമുഖര്‍ക്കും സംസ്ഥാനത്തിനകത്തും പുറത്തും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുണ്ട്. കാര്യമായ സാമ്പത്തിക ലാഭം ലഭിക്കാ എന്നാല്‍ വിജയിച്ച ചിത്രങ്ങളുടെ സംവിധായകര്‍ അടക്കം പലര്‍ക്കെതിരെയും കോടതിയില്‍ കേസുകളുമുണ്ട്. ഈ മേഖലകളിലേക്ക് അന്വേഷണം വരുകയും കള്ളപ്പണം അന്വേഷിക്കപ്പെടുകയും ചെയ്താല്‍ മലയാള സിനിമയെ അത് ശരിക്കും പിടിച്ചു കുലുക്കും. അതിനാല്‍ തന്നെ ഇപ്പോള്‍ ദിലീപ് കേസില്‍ സംഘടനകളെ മാറ്റി നിര്‍ത്തി പ്രമുഖര്‍ ഒന്നിക്കുന്നുവെന്നാണ് സൂചന.

ദിലീപിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയവര്‍ പലരും നിലപാട് മയപ്പെടുത്തിയതും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ദിലീപിന് അനുകൂല നിലപാടുകള്‍ ഉണ്ടാകുന്നതും ഇതിന്റെ ഭാഗമാണ്. ദിലീപിന് അനുകൂലമായ പല സ്ഥലങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

പരസ്യമായി നിഷേധിക്കുമ്പോഴും സിനിമാ മേഖലയിലെ വലിയൊരു വിഭാഗവുമായി പള്‍സര്‍ സുനിക്ക് പരിചയവും അടുപ്പവുമുണ്ട്. ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റും ഇവരില്‍ പലരുമായി ബന്ധിപ്പിക്കുന്ന കണ്ണി സുനിയായിരുന്നോയെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!