ധൂര്‍ത്ത് ഒഴിവാക്കി, അധികാര ഇടനാഴിയിലെ ദല്ലാള്‍മാരെ അകറ്റി നിര്‍ത്തി… നല്ല തുടക്കം

pinarayi vijayan (2)സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ പേരില്‍ സ്ഥിരമായി നടന്നിരുന്ന കോടികളുടെ ധൂര്‍ത്ത് ഒഴിവാക്കിയ ആദ്യനടപടി. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വന്തക്കാരാകാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തി, അഴിമതിക്കാര്‍ക്കൊപ്പം പരിഗണിക്കുമെന്ന മുന്നറിയിപ്പ്… നിലപാടുകളില്‍ കര്‍ക്കശക്കാരനായ പിണറായി വിജയന്റെ മന്ത്രിസഭയുടെ തുടക്കവും വ്യത്യസ്തമായിട്ടാണ്.

ജാതിയുടെ പേരില്‍ നഗ്നമായ വീതം വയ്പ്പുകള്‍ കണ്ടുമടുത്ത കേരളത്തിന് ആശ്വസിക്കാന്‍ ഇടനല്‍കുന്ന നടപടികളാണ് ഇടതു മുന്നണിയില്‍ നിന്ന് കാണുന്നത്. മലയാളികള്‍ പരീക്ഷിച്ച് മടുത്തവരെ മാറ്റി നിര്‍ത്തിയതും ശ്രദ്ധേയമായി. 12 മന്ത്രിമാരെ നിശ്ചയിച്ച സി.പി.എം മൂന്നു മുന്‍മന്ത്രിമാരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. സി.പി.ഐയാകട്ടെ, എല്ലാം പുതുമുഖങ്ങള്‍ മതിയെന്ന് തീരുമാനിച്ചു. 14 പുതുമുഖ മന്ത്രിമാരുള്ള ടീം. തീര്‍ന്നില്ല, പേഴ്‌സണല്‍ സ്റ്റാഫില്‍ അറുപതു കഴിഞ്ഞവര്‍ ഉണ്ടാകില്ല. മാത്രമല്ല 25 ല്‍ കൂടുതല്‍ പേരെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

എല്ലാത്തിരുമുപരി സ്വന്തം ശൈലി തന്നെ മാറ്റി സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പിണറായി വിജയന്റെ ശ്രമം.  പിന്നാലെയാണ് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ധൂര്‍ത്ത് കുറയ്ക്കാനുള്ള ഇടപെടലുകള്‍. ടെന്‍ഡര്‍പോലും വിളിക്കാതെ മന്ത്രിമാരുടെ വസതികളുടെ മറവില്‍ നടക്കുന്ന കൊള്ള മുന്‍കൂട്ടികണ്ട് തടഞ്ഞു. എല്‍.ഡി.എഫെന്നോ യു.ഡി.എഫെന്നോ വ്യത്യാസമില്ലാതെ നടന്നിരുന്ന ഈ ധൂര്‍ത്ത് വേണ്ടെന്ന് വച്ചതടക്കമുള്ള നടപടികളിലൂടെ തങ്ങള്‍ സാധാരണക്കാര്‍ക്കൊപ്പമാണെന്ന സന്ദേശം ജനങ്ങള്‍ക്കു നല്‍കുന്നതില്‍ പിണറായി വിജയന്‍ വിജയിച്ചിട്ടുണ്ട്. സ്വന്തം അനുഭവം വിശദീകരിച്ചുകൊണ്ട്, ഒപ്പം കൂടുന്നവരെ തിരിച്ചറിയണമെന്ന സന്ദേശം സഹപ്രവര്‍ത്തകര്‍ക്കു നല്‍കിയത് അധികാര ഇടനാഴിയിലെ ദല്ലാള്‍മാരെ അകറ്റി നിര്‍ത്തണമെന്ന വ്യക്തമായ സന്ദേശമാണ്.

പ്രധാന തസ്തികകളില്‍ നിയമിക്കപ്പെടേണ്ടവരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഫലത്തില്‍ തുടക്കം നല്ലത്. ധൂര്‍ത്ത് ഒഴിവാക്കി ഇന്ന് ഇടതു മുന്നണി അധികാരം ഏറ്റെടുക്കുമ്പോള്‍ ജനം വീണ്ടും പ്രതീക്ഷിക്കുന്നു. അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളുടെ പട്ടികയും പിണറായി ക്യാമ്പില്‍ തയാറായതായിട്ടാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!