പുന:സംഘടനയില്‍ പിടിച്ച് പൊളിച്ചടുക്കുന്നു, ശക്തി ആര്‍ക്ക് ?

തിരുവനന്തപുരം: പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് പാര്‍ട്ടിയെ ശക്തമാക്കാന്‍ പുന:സംഘടന തുടങ്ങി. ഡി.സി.സിവരെ പുന:സംഘടിപ്പിച്ചപ്പോള്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഗ്രൂപ്പ് യുദ്ധം തുടങ്ങി. ആര് ആര്‍ക്കൊപ്പമെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂവെങ്കിലും ഒന്നുറപ്പ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി, അണിയറ നീക്കങ്ങള്‍ക്കുള്ള വീര്യം തനിക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ആഗ്രഹിച്ച ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ബഹിഷ്‌കരണ നടപടികളില്‍ തുടങ്ങിയ പോര് കെ.മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏറ്റുമുട്ടലിലൂടെ വിഴുപ്പലക്കലായി. രണ്ടുപേരുടെയും പൂര്‍വ്വകാലം ഇരുവരും കീറി മുറിച്ച് പരിശോധിച്ചു.

വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ അഭിപ്രായം പറയണ്ട്, പാര്‍ട്ടി നയം പ്രസിഡന്റ് പറയും, മറ്റാരു കുറച്ചാലും പുച്ഛിച്ചു തള്ളും തുടങ്ങിയ മുരളീധരന്‍ സംഭാവനകളെ കഴുത കാമം കരഞ്ഞു തീര്‍ക്കും സോണിയയെ മദാമ്മ ഗാന്ധിയെന്നും അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേലെന്നും വിളച്ചയാല്‍, ദുബായിയില്‍ പോയി എതിരാളികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ടാണ് നേരിട്ടത്. രാജ്‌മോഹന്‍ ഉണ്ണിത്താനാകട്ടെ, ഒളിയമ്പുകള്‍ ഉമ്മന്‍ ചാണ്ടിക്കുനേരെ കൂടി എറിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കെ.പി.സി.സി. വക്താവ് സ്ഥാനവും ‘വലിച്ചെറിഞ്ഞു’.

ഐ ഗ്രൂപ്പിന്റെ അമരക്കാരിലൊരാളായി അടുത്തിടെ മാറാന്‍ ശ്രമിച്ച മുരളീധരനെ മുന്നില്‍ നിര്‍ത്തി എ ഗ്രൂപ്പ് കരുനീക്കുന്നതാണ് ഇന്നലെ കണ്ടത്. ഉമ്മന്‍ ചാണ്ടിയുടെ പതിവ് ശൈലി വിളിച്ചോതി പിന്തുണയുമായി ലീഗും മറ്റു ചില ഘടകകക്ഷികളും രംഗത്തെത്തുകയും ചെയ്തു. മുരളീധരന്റെ വിമര്‍ശനങ്ങളെ പരസ്യമായി രമേശ് ചെന്നിത്തല സ്വാഗതം ചെയ്‌തെങ്കിലും ഐ ക്യാമ്പില്‍ ആശങ്കയാണ്. സുധീരനാകട്ടെ, ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നത്തെ പാര്‍ട്ടി ചടങ്ങുകളില്‍ അദ്ദേഹത്തിനു മൗനം തുടരാനാകില്ലെന്നാണ് സൂചന. നേതാക്കളോടെങ്കിലും നിലപാട് വ്യക്തമാക്കേണ്ടി വരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!