ജയരാജന്റെ രാജിയെ മഹത്വവല്‍ക്കരിക്കുന്ന കോടിയേരി, ഭാര്യാ സഹോദരന്‍ യോഗ്യതകളില്ലാതെ പൊതുമേഖലാ സ്ഥാപനത്തില്‍ തുടരുന്നതിനെക്കുറിച്ച് അഭിപ്രായം പറയണം

V Muraleedharanമറ്റു പാര്‍ട്ടികളില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും വ്യത്യസ്തമാണ് പിണറായി സര്‍ക്കാരെന്നു പറഞ്ഞ് ഇ.പി.ജയരാജന്റെ രാജിയെ മഹത്വവല്‍ക്കരിക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, തന്റെ ഭാര്യാ സഹോദരന്‍ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായി ഒരു യോഗ്യതകളുമില്ലാതെ തുടരുന്നതിനെക്കുറിച്ച് അഭിപ്രായം പറയണമെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനായ എസ്.ആര്‍.വിനയകുമാര്‍ വിദ്യാഭ്യാസ വകുപ്പില്‍  സെക്ഷന്‍ ഓഫീസര്‍ മാത്രമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ എസ്.ആര്‍.വിനയകുമാറിനെ കൊല്ലത്ത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. മതിയായ ഒരു യോഗ്യതകളുമില്ലാതെ എസ്.ആര്‍.വിനയകുമാറിനെ നിയമിച്ച യു.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി ക്രമവിരുദ്ധമായിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇത്തരം നിയമനങ്ങളെല്ലാം റദ്ദാക്കുകയും പുതിയ ആളുകളെ തല്‍സ്ഥാനങ്ങളിലേക്ക് നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യോഗ്യതകളൊന്നുമില്ലാതെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയ വിനയകുമാറിനുമാത്രം സ്ഥാനചലനം ഉണ്ടായില്ലെന്നു മാത്രമല്ല മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ അധിക ചുമതലകൂടി നല്‍കാനുള്ള നീക്കവും നടന്നു.
ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് കോടിയേരി ബാലകൃണന്‍, ഇ.പി.ജയരാജന്റെ രാജിയെ മഹത്വവല്‍കരിച്ച് സംസാരിച്ചത്. ബന്ധുവിനെ വ്യവസായ വകുപ്പില്‍ നിയമിച്ചത് തെറ്റായിപ്പോയെന്ന് ജയരാജന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കുറ്റസമ്മതം നടത്തുമ്പോള്‍ തന്റെ ഭാര്യാ സഹോദരന് ക്രമവിരുദ്ധമായി നിയമനം ലഭിച്ചതിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ച് വിദേശത്ത് വന്‍ ബിസിനസുകള്‍ നടത്തിവരികയാണ്. ഇത്തരത്തില്‍ വന്‍ ബിസിനുസുകള്‍ നടത്തുന്നതിനുള്ള പണത്തിന്റെ സ്രോതസ് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതാണ്. മലയാളിയായ പ്രവാസി വ്യവസായിയുടെ കമ്പനിയില്‍ വൈസ് പ്രസിഡന്റായിരുന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ലക്ഷക്കണക്കിനു രൂപ ശമ്പളം വാങ്ങിയിരുന്നതും പരസ്യമായ രഹസ്യമാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്ക് ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററില്‍ ജോലി ലഭിച്ചത് 1996-2001ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. മതിയായ യോഗ്യതകളില്ലാതെയും കൃത്രിമ രേഖകള്‍ ചമച്ചുമാണ് കോടിയേരിയുടെ ഭാര്യക്ക് ജോലി തരപ്പെടുത്തിക്കൊടുത്തതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് ഇ.പി.ജയരാജന്റെ രാജിയുടെ പേരില്‍ മേനിപറയുന്ന കോടിയേരി ബാലകൃഷണന്റെ നടപടി പരിഹാസ്യമാണ്. തന്റെ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ സഹോദരന്‍ യോഗ്യതകളില്ലാതെ അനര്‍ഹമായ സ്ഥാനത്തിരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായം പറയണം.
ഇ.പി.ജയരാജനെ ബലിയാടാക്കി തന്റേയും പാര്‍ട്ടിയിലെ മറ്റുള്ളവരുടേയും ബന്ധുക്കള്‍ക്കു ലഭിച്ച വഴിവിട്ട നിയമനങ്ങളെ മൂടിവയ്ക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കാര്യത്തില്‍ ഇടതു വലത് മുന്നണികള്‍ ഒന്നാണെന്നാണ് എസ്.ആര്‍.വിനയകുമാറിന്റെ നിയമനം തെളിയിക്കുന്നത്. ബന്ധുനിയമനങ്ങളെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടേയും ഭാര്യാ സഹോദരന്റേയും നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം. ജനകീയ സമ്മര്‍ദം കാരണം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ഇ.പി.ജയരാജനെ ചൂണ്ടിക്കാട്ടി മഹത്തായ ഉദാഹരണമെന്നു പറയുന്നവര്‍ സ്വന്തം കാര്യവും തന്റെ ബന്ധുക്കളുടേയും മക്കളുടെ കാര്യങ്ങളും മനപ്പൂര്‍വം മൂടിവയ്ക്കുന്നത് ഇരട്ടത്താപ്പാണ്.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!