ചര്‍ച്ചയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ. എം, ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സമാധാന ഭംഗമുണ്ടാകാതിരിക്കാൻ സർക്കാർ കർക്കശമായി ഇടപെടും. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ.എം, ബി.ജെ.പി, ആർ.എസ്‌. എസ് നേതാക്കളുമായി മുഖ്യമന്ത്രി എന്ന നിലയിൽ ചർച്ച നടത്തി.

ഒരു വിധത്തിലുള്ള അക്രമസംഭവങ്ങളും ഉണ്ടാവരുതെന്ന പൊതുധാരണയാണ് എല്ലാവരും പങ്കുവെച്ചത്. അണികളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്താനും ധാരണയായി.

തിരുവനന്തപുരത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. കൗൺസിലർമാരുടെ വീടുകൾക്കും ബി.ജെ.പി.ഓഫീസിനു നേരെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയും അക്രമം നടന്നു. ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നാലെ വീടുകൾക്കും ഓഫീസുകൾക്കും നേരെയുള്ള അക്രമങ്ങൾ ഉണ്ടാകുന്നത് തെറ്റായ പ്രവണതയാണ്. മേലിൽ ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കുമെന്ന ഉറപ്പാണ് യോഗത്തിലുണ്ടായത്.

തിരുവനന്തപുരം, കണ്ണൂർ, കോട്ടയം ജില്ലകളിലും ഉഭയകക്ഷി ചർച്ച നടത്തും. ആഗസ്ത് 6 ന് വൈകിട്ട് 3 മണിക്ക് സർവകക്ഷി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!