മോദിയും നെതന്യാഹുവും തമ്മിലുള്ളത് വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യമെന്ന് പിണറായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിലുള്ളത് വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിണറായി വിജയന്‍ മോദി നെതന്യാഹു കൂടിക്കാഴ്ച്ചയെ ശക്തമായി വിമര്‍ശിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി ‘ഭീകരവിരുദ്ധസഖ്യ’മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല. അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയുടെ ഇസ്രായേൽ സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

സ്വന്തം മണ്ണിൽ നിർഭയം ജീവിക്കാനുള്ള പലസ്തീന്‍ജനതയുടെ പോരാട്ടത്തെയും ചെറുത്തു നില്പിനെയും ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമർത്തുന്ന ഇസ്രായേലി ക്രൂരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. ജൂതന്മാരുടെതായ ഇസ്രായേല്‍ കെട്ടിപ്പടുക്കുകയെന്നത്‌ മാത്രമല്ല പലസ്‌തീന്‍ രാജ്യത്തെ പൂര്‍ണമായി ഇല്ലാതാക്കുകകൂടിയാണ്‌ സയണിസ്റ്റ് ലക്‌ഷ്യം. അത് തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ജനത എക്കാലത്തും പലസ്തീൻ ചെറുത്തുനില്പിനെ പിന്തുണച്ചിട്ടുള്ളത്.

യുഎന്‍ പ്രമേയങ്ങളെയും അന്താരാഷ്ട്രധാരണകളെയും കണക്കിലെടുക്കാതെ പലസ്തീൻ ജനതയ്ക്കു പൗരാവകാശങ്ങൾ നിഷേധിക്കുകയും വംശീയ ഉച്ചാടനത്തിനു നിരന്തര ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന ഇസ്രയേലിന്റെ നയത്തെയാണ് ചേരിരാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യ എന്നും എതിർക്കുന്നത്. ആ നിലപാടിൽ നിന്ന് നരേന്ദ്ര മോഡി മലക്കം മറിഞ്ഞിരിക്കുന്നു.

ഇസ്രായേലി സൈന്യത്തിന്റെ തോക്കിന്‍മുനയ്‌ക്ക്‌ മുന്നിൽ ജീവിക്കുക, അല്ലെങ്കിൽ പിറന്ന നാട് വിട്ടു പോവുക എന്ന കാടൻ നീതിയോടു ഐക്യപ്പെടാൻ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളത് കൊണ്ടാണ്. മോഡി-നെതന്യാഹു സംയുക്ത പ്രസ്താവനയിൽ പ്രകടമാകുന്ന ഐക്യം സംഘ്പരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഐക്യമാണ്. വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യം ആണത്.

അധിനിവേശരാഷ്ട്രമായ ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദർശനം ഇസ്രയേല്‍ വൻ ആഘോഷമാക്കി മാറ്റുന്നത്. ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎന്‍ പ്രമേയങ്ങൾ പരിഗണിക്കുന്ന വേളയിൽ വിട്ടുനിന്ന് ഇസ്രയേലിന് പരോക്ഷമായി പിന്തുണനൽകിയതിന്റെ തുടർച്ചയാണ് പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ രാമല്ല സന്ദർശിക്കാതെ മോഡി പ്രകടമാക്കിയ സയണിസ്റ്റ് അനുഭാവം.
നാനാ മതങ്ങളിൽ പെട്ടവർ ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയ്ക്ക് ഒരിക്കലും സയണിസത്തിന്റെ വഴി അംഗീകരിക്കാനാവില്ല.

സയണിസ്റ്റ് രാഷ്ട്രത്തിനും ക്രൂരതയ്ക്കും മാന്യത കല്‍പ്പിക്കാനുള്ള നീക്കം ആർ എസ് എസിന്റെ വർഗീയ അജണ്ടയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള കുരുട്ടു വഴിയായേ കാണാനാകൂ.
അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന മുൻനിര രാജ്യമായി ഇന്ന് ഇസ്രയേല്‍ മാറിയിരിക്കുന്നു. ആയുധവ്യാപാരത്തില്‍നിന്നുള്ള ലാഭം പലസ്തീന്‍ ജനതയെ അടിച്ചമർത്താനാണ് ഉപയോഗിക്കപ്പെടുന്നത്. അധിനിവേശ ശക്തികൾക്ക് നരമേധം നടത്താനുള്ള സഹായം നൽകുക എന്നത് അപകടകരമായ സൂചനയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ജനങ്ങൾക്ക് രാജ്യത്തിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിലുള്ളത്. ഈ പ്രവണതയ്‌ക്കെതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!