ബീജിങ് : ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യോഗത്തിലെ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതോടെ സംയുക്ത പ്രസ്താവന പൂര്‍ണമായും ഉപേക്ഷിക്കുന്നതായി എസ്സിഒ യോഗം വ്യക്തമാക്കി. ഏപ്രില്‍ 22-ന് ഇന്ത്യയില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാലാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ രാജ്‌നാഥ് സിംഗ് വിസമ്മതിച്ചത്.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പൂര്‍ണമായ അവകാശമുണ്ടെന്ന് നേരത്തെ രാജ്‌നാഥ് സിംഗ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബലൂചിസ്താനിലെ ആക്രമണങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്ന് പാകിസ്താന്‍ യോഗത്തില്‍ ആരോപിച്ചു. യോഗത്തിനുശേഷം പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കുകയും ബലൂചിസ്ഥാന്‍ പ്രസ്താവന ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ ചൊടിപ്പിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ പത്ത് പൂര്‍ണ്ണ അംഗരാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ഇറാന്‍, ഏറ്റവും പുതിയ അംഗമായ ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗമാണ് ചൈനയില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here