മാഹി | എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് മാഹി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യവില വര്‍ദ്ധിച്ചു. വിവിധ വിഭാഗത്തിലുള്ള മദ്യത്തിന് 10% മുതല്‍ 20% വരെയാണ് വില വര്‍ധന. ആദ്യം, പുതുച്ചേരി സര്‍ക്കാര്‍ 50% വരെ കുത്തനെ വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബാര്‍ ഉടമകളുടെയും മദ്യ വ്യാപാരികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം ഏകദേശം 20% ആയി കുറച്ചു. മെയ് 28-നോ അതിനുശേഷമോ വാങ്ങിയ മദ്യത്തിന് മാത്രമേ പുതുക്കിയ വില ബാധകമാകൂ.
മെയ് 28 മുതല്‍ മദ്യവില്‍പ്പനശാലകള്‍ സ്റ്റോക്ക് വാങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ പുതിയ നിരക്കില്‍ മദ്യം വില്ക്കാന് അനുവാദമുള്ളൂ എന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്സ്മെന്റ്) വകുപ്പ് വ്യക്തമാക്കി. പുതുക്കിയ വിലയ്ക്ക് പഴയ സ്റ്റോക്ക് വില്‍ക്കുന്നത് പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്സ്മെന്റ്) കണ്ട്രോളര് റൂള്‍സ്, 2011 പ്രകാരം കര്‍ശനമായ പിഴകള്‍ ഈടാക്കും. ഉപഭോക്താക്കള്‍ക്ക് 04132 262090 എന്ന നമ്പറില്‍ വിളിച്ച് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.