സബ്‌സിഡി പിന്‍വലിക്കുന്നു, മാര്‍ച്ചുവരെ എല്‍.പി.ജി സിലിണ്ടറിന് മാസം 4 രൂപ കൂടും

ഡല്‍ഹി: പാചകവാതക സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2018 മാര്‍ച്ച് വരെ എല്ലാമാസവും ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് നാലുരൂപ വീതം വിലകൂട്ടും.
കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ എല്ലാമാസവും എല്‍പിജി സിലിണ്ടറുകളുടെ വില നാലുരൂപ വീതം കൂട്ടാന്‍ പൊതുമേഖലാ എണ്ണ വിപണനക്കമ്പനികള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്സഭയെ അറിയിച്ചത്. ഇതിനുശേഷം രണ്ടുതവണ വില കൂട്ടി. ജൂലൈ ഒന്നിന് ജിഎസ്ടി ഉള്‍പ്പെടെ 32 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്. 2018 മാര്‍ച്ച് 31 വരെയോ സബ്സിഡി പൂര്‍ണമായി ഇല്ലാതാകുന്നതു വരെയോ ഈ രീതി തുടരും.ഒരു എല്‍പിജി സിലിണ്ടറിന് നിലവില്‍ 86.54 രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നാണ് എണ്ണവിപണനക്കമ്പനികളുടെ കണക്ക്. 14.2 കിലോഗ്രാം സബ്സിഡി സിലിണ്ടറിന് ഇപ്പോള്‍ ഡല്‍ഹിയില്‍ 477.46 രൂപയാണ് വില. കഴിഞ്ഞ ജൂണില്‍ 419.18 രൂപയായിരുന്നു സബ്സിഡി കഴിച്ചുള്ള വില. ഒരു കുടുംബത്തിന് 12 സിലിണ്ടറാണ് വര്‍ഷത്തില്‍ സബ്സിഡി നിരക്കില്‍ നല്‍കിവന്നത്. സബ്സിഡി സിലിണ്ടറിന് 2016 ജൂലൈ മുതല്‍ പ്രതിമാസം രണ്ടുരൂപ വീതം വര്‍ധിപ്പിച്ചുവരികയായിരുന്നു. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 2016 ജനുവരി ഒന്നുമുതല്‍ എല്‍പിജി സബ്സിഡി നല്‍കുന്നില്ല. ഇവരും സ്വയം സബ്സിഡി ഉപേക്ഷിച്ചവരുമായി 2.66 കോടി കുടുംബങ്ങളുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!